ADVERTISEMENT
ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈ കോടതി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ദില്ലി കലാപത്തെ തുടർന്നാണ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയിൽ മോചിതരാക്കിയിരുന്നില്ല.
നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പോലീസ് ഇന്ന് കോടതിയെ സമീപിച്ചെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി രീവന്ദർ ബേദി ഇത് തള്ളി. പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് നിലപാട്.
നേരത്തെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നത് വരെ പ്രതികളെ ജയിലിൽ വയ്‌ക്കാനുള്ള പൊലീസ് നീക്കമാണ് ഇതോടെ പാളിയത്. ഇന്ന് തന്നെ മൂന്ന് പേരേയും വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുപേരെയും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യംഅനുവദിച്ചത്.
Get real time update about this post categories directly on your device, subscribe now.