മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിലയിരുത്തി

കാര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചർച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.

കൊവിഡ് ചികിത്സയ്ക്കും നോൺ കൊവിഡ് ചികിത്സയ്ക്കും പ്രാധാന്യം നൽകണം. മെഡിക്കൽ കോളേജിനെ സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസവും വളരെ പ്രധാനമാണ്. മെഡിക്കൽ കോളേജുകൾ ടെറിഷ്യറി ചികിത്സാ കേന്ദ്രമാണ്. സമീപ ജില്ലകളിൽ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിനെ ആശ്രയിക്കാറുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗത്തിലും ഏറ്റവുമധികം രോഗികളെ ചികിത്സിച്ച സ്ഥലമാണിത്. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ട്. രോഗികൾ കുറഞ്ഞു വരുന്ന സന്ദർഭത്തിൽ നോൺ കൊവിഡ് ചികിത്സ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

110 കിടക്കകളുള്ള ഐ.സി.യു.വിൽ 50 കിടക്കകൾ സജ്ജമാണ്.ബാക്കിയുള്ളവ 10 ദിവസത്തിനകം സജ്ജമാക്കാൻ മന്ത്രി നിർദേശം നൽകി. ആശുപത്രികൾക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിലവിലെ സ്റ്റോക്ക്, ഒരു മാസം ആവശ്യമായവ എന്നിവ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അവ കെ.എം.എസ്.സി.എൽ.വഴിയും ലോക്കൽ പർച്ചേസിലൂടെയും വാങ്ങാനും നിർദേശം നൽകിയിരുന്നു. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അതിന് മുൻകരുതലായി 6 മാസത്തെ ആവശ്യകത കണക്കാക്കി സംഭരിക്കാനും നിർദേശം നൽകി.

തടസങ്ങൾ നീക്കി യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഓക്‌സിജൻ സംബന്ധമായ ക്രമീകരണങ്ങൾ വിലയിരുത്തുകയും മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഓക്‌സിജൻ പ്ലാന്റ് സന്ദർശിക്കുകയും ചെയ്തു.

മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഫാർമസി സന്ദർശിച്ചു. കൂടുതൽ ക്രമീകരണവും കിടക്കകളും ഒരുക്കുന്നതിന്റെ ഭാഗമായി വാർഡുകളും മന്ത്രി സന്ദർശിച്ചു.ആർസിസിയിൽ യുവതി ലിഫ്റ്റിൽ പരിക്കുപറ്റി മരണമടഞ്ഞ സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രികളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന് സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ്.

ലഭിക്കുന്ന വാക്‌സിൻ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ആവശ്യമായ വാക്‌സിൻ ലഭിക്കാത്തതാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താൻ വൈകുന്നത്. പ്രവാസികൾക്കും മറ്റുമായി ചില സ്ഥലങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടന്നുവരുന്നുണ്ട്. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് കുറയ്ക്കാനാണ് ഓൺലൈൻ നടത്തി വരുന്നത്.

ബ്ലാക്ക് ഫം​ഗസ് രോഗം സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണ്. നിലവിൽ മരുന്നിന് കുറവില്ലെന്നും മന്ത്രി വ്യക്തമാക്കി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News