കൊച്ചിയെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

കൊച്ചി നഗരത്തിന്‍റെ വികസനത്തിനും നഗരത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളുടെ പരിഹാരം കാണുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മുഹമ്മദ് റിയാസ് കൊച്ചിയില്‍ പറഞ്ഞു.

കൊച്ചിയുടെ വികസന കുത്തിപ്പില്‍ നാഴികക്കല്ലാവുന്ന പദ്ധതികളാണ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് നടപ്പിലാക്കാനൊരുങ്ങുന്നത്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന തരത്തിലാവും പുതിയ പദ്ധതികള്‍.

ആദ്യഘട്ടത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ചീനവലകളുടെ നവീകരണവും സംരക്ഷണവും ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തികരിക്കും. ഒപ്പം ലോകോത്തര നിലവാരത്തിലുള്ള ടോയ്‌ലറ്റ് സമുച്ചയവും ഫോര്‍ട്ടുകൊച്ചിയിലൊരുങ്ങും. കൂടാതെ ചില്‍ഡ്രണ്‍സ് പാര്‍ക്ക് ഉള്‍പ്പടെ മറ്റ് പദ്ധതികളും കൊച്ചി കോര്‍പ്പറേഷന്‍ പരാതിയില്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം കോര്‍പ്പറേഷനു കീഴിലുള്ള കാന പിഡബ്ലുഡി കാന കയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കയ്യേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നിലവില്‍ കോര്‍പ്പറേഷനു കീഴിലുള്ള റോഡുകളുടെ നവീകരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായിട്ടുണ്ട്. കോര്‍പ്പറേഷന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനു ശേഷ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here