ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചോ? ആശ്വസിക്കാൻ വകയുണ്ട്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരിൽ നിന്ന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം. നിലവിലുള്ള കൊവിഡ് വ്യാപനവും ലോക്ക്ഡൌണുകളും കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ ഉൾപ്പെടെയുള്ള മോട്ടോർ വാഹനരേഖകളുടെ സാധുത 2021 സെപ്റ്റംബർ 30 വരെ കേന്ദ്രം നീട്ടി.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിക്കുകയും ലോക്ക്ഡൗണിന് തുടർന്ന് പുതുക്കാൻ സാധിക്കാത്തതുമായ ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയ്ക്ക് 2021 സെപ്റ്റംബർ 30 വരെ സാധുത ഉണ്ടായിരിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും. വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും തൽക്കാലം പിഴയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശത്തിൽ പറയുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് പല ഓഫീസുകളുടെയും പ്രവർത്തനം നിലയ്ക്കുകയും ഈ സാഹചര്യത്തിൽ രേഖകൾ പുതുക്കാൻ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവധി അവസാനിച്ച ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെർമിറ്റ് പുതുക്കിയില്ലെങ്കിൽ 10,000, ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാൽ 2000 മുതൽ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ പൊലൂഷൻ സർട്ടിഫിക്കറ്റിനെ ഇളവിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ മഹാമാരി കാലത്ത് ആവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളുടെയും, മറ്റ് ഗതാഗത മാർഗങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News