കൊമ്മേരി മിനി ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മാങ്കാവില്‍ നിന്നും കൊമ്മേരി വഴി മേത്തോട്ട്താഴം ബൈപ്പാസിലെത്തുന്ന കൊമ്മേരി മിനി ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

റോഡ് പ്രവൃത്തി ഉടനെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി 62 കുടുംബങ്ങള്‍ക്ക് ഉടന്‍ ചെക്ക് കൊടുക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ശേഷിക്കുന്ന കുടുംബങ്ങള്‍ക്കുകൂടി പണം ഉടന്‍ വിതരണം ചെയ്ത് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും. പിന്നീട് ടെന്‍ഡര്‍ നല്‍കി റോഡ് പണി ആരംഭിക്കും.

മാങ്കാവ്, കൊമ്മേരി, മേത്തോട്ട്താഴം പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് കൊമ്മേരി മിനി ബൈപ്പാസ്. മഴ പെയ്താല്‍ വെള്ളം കയറുന്ന താഴ്ന്ന റോഡില്‍കൂടി വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതയാത്ര നടത്തുകയാണ്.

മാങ്കാവ് ബൈപ്പാസില്‍ മേല്‍പ്പാലം പണിയാനുള്ള കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചക്കും മാങ്കാവില്‍ നിന്ന് കല്ലായിപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിച്ചു വെസ്റ്റ് മാങ്കാവ് ബൈപ്പാസില്‍ കയറുന്ന പുതിയ റോഡും പാലവും നിര്‍മ്മിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

നഗരത്തിലെ പ്രധാന തോടായ മഞ്ചക്കല്‍ തോട് ആഴം കൂട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ രണ്ടേകാല്‍ കോടി രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയും മന്ത്രി സന്ദര്‍ശിച്ചു. മഞ്ചക്കല്‍ തോടില്‍ നിന്ന് കനോലി കനാല്‍ വഴിയുള്ള ജലപാതയും ആലോചനയിലുണ്ട്. മാങ്കാവില്‍ നിന്ന് പൊക്കുന്ന് വരെയുള്ള റോഡ് വികസന നടപടികള്‍ വേഗത്തിലാക്കും.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News