യൂറോ കപ്പ് ഫുട്ബോൾ :ബെൽജിയവും നെതർലണ്ട്സും പ്രീ ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോളിൽ ബെൽജിയവും നെതർലണ്ട്സും പ്രീ ക്വാർട്ടറിൽ കടന്നു. വടക്കൻ മാസിഡോണിയയെ തോൽപിച്ച ഉക്രെയ്ൻ സി ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി.

ലോകത്തെ നമ്പർ വൺ ടീമാണ് എതിരാളി എന്നത് ഡെന്മാർക്കിന് പ്രശ്നമേ അല്ലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യൻ എറിക്സണ് വേണ്ടി ഒരു വിജയമെന്ന ഡെന്മാർക്ക് ടീമിന്റെ അദമ്യമായ ആഗ്രഹം സഫലമായില്ലെങ്കിലും പോരാട്ട മികവിലൂടെ ടീം ആരാധകരുടെ മനം കവർന്നു.

എറിക്സണിന്റെ പത്താംനമ്പർ ജഴ്സിയെ അനുസ്മരിച്ച് കളിയുടെ പത്താം മിനിട്ടിൽ കോപ്പൻഹേഗൻ സ്റ്റേഡിയം ഒന്നടങ്കം ആദരമർപ്പിച്ചത് യൂറോകപ്പ് മത്സരത്തിനിടയിലെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു. ബെൽജിയത്തെ ഞെട്ടിച്ച് മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ യൂസുഫ് പോൾസന്റെ ഗോളിൽ ഡെന്മാർക്ക് മുന്നിലെത്തി.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ അതിവേഗ ഗോളാണ് പോൾസൻ പേരിലാക്കിയത്. ഗോളിന്റെ ആവേശത്തിൽ ഡെന്മാർക്ക് തുരുതുരാ ആക്രമണം അഴിച്ചുവിട്ടപ്പോൾ ബെൽജിയം പ്രതിരോധ നിര ആടിയുലഞ്ഞു.രണ്ടാം പകുതിയിൽ ഡിബ്രൂയിനെയും എയ്ഡൻ ഹസാർഡിനെയും കളത്തിലിറക്കിയപ്പോൾ ബെൽജിയത്തിന്റെ കളി മാറി.അമ്പത്തിയഞ്ചാം മിനുട്ടിൽ തോർഗൻ ഹസാർഡിലൂടെ ബെൽജിയം സമനില പിടിച്ചു.

പിന്നെ സ്റ്റേഡിയം കണ്ടത് ഡി ബ്രൂയിനെയുടെ മാസ്മരിക പ്രകടനമാണ്. എഴുപതാം മിനുട്ടിൽ ഡിബ്രൂയിനെയുടെ പവർഫുൾ കാർപ്പറ്റ് ഷോട്ടിലൂടെ ബെൽജിയം മുന്നിലെത്തി.

രണ്ടാം ഗോൾ വീണതിന് പിന്നാലെ ഡെന്മാർക്കിന്റെ പ്രത്യാക്രമണത്തിൽ ബെൽജിയം ബാക്ക് ഫൂട്ടിലായി.അവസാന മിനിട്ടുകളിൽ സമനില ഗോളിനായി ഡെന്മാർക്ക് പരിശ്രമിച്ചെങ്കിലും നിർഭാഗ്യം വിനയായി.

വിജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്നും ബെൽജിയം പ്രീ ക്വാർട്ടറിലെത്തി. പൊരുതിക്കളിച്ച ഓസ്ട്രിയയെ വീഴ്ത്തിയാണ് ആംസ്റ്റർഡാം അരീനയിലെ ആരാധകർക്ക് ഓറഞ്ച് പട സന്തോഷിക്കാൻ വക നൽകിയത്. അലാബ ഡെംഫ്രിസിനെ ഫൗൾ ചെയ്തതിന് എട്ടാം മിനുട്ടിൽ നെതർലണ്ട്സിന് അനുകൂലമായി പെനാൽട്ടി . മെംഫിസ് ഡീപ്പെയുടെ പെനാൽട്ടി ഗോളിൽ നെതർലണ്ട്സ് മുന്നിൽ.

ഗോൾ വീണതോടെ ഉണർന്നു കളിച്ച ഓസ്ട്രിയക്ക് മുന്നിൽ ഡച്ച് പ്രതിരോധം പലപ്പോഴും പകച്ചു. അലാബ കോട്ട കെട്ടിയ ഓസ്ട്രിയൻ പ്രതിരോധം മറികടക്കാൻ ഡീപ്പെയും വിനാൾഡവും വെഗ്ഹോസ്റ്റും ഏറെ പാടുപെട്ടു.ഓസ്ട്രിയൻ നിരയിൽ ഗ്രിഗോറിറ്റ്സും ലെയ്മറും ഉൾമറുമെല്ലാം ഒന്നിന് പിറകെ ഒന്നായി ഡച്ച് പ്രതിരോധത്തെ പരീക്ഷിച്ചു.അറുപത്തിയേഴാം മിനുട്ടിൽ ഡംഫ്രീസിന്റെ ഗോളിലൂടെ ഓറഞ്ച് പട ലീഡ് ഉയർത്തി.

ആശ്വാസ ഗോളിനായുള്ള ഓസ്ട്രിയയുടെ ശ്രമങ്ങൾ ഡച്ച് പ്രതിരോധത്തിനു മുന്നിൽ അവസാനിച്ചതോടെ തുടർച്ചയായ രണ്ടാം ജയവുമായി സി ഗ്രൂപ്പിൽ നിന്നും നെതർലണ്ട്സ് പ്രീ ക്വാർട്ടറിൽ . സി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വടക്കൻ മാസിഡോണിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഉക്രെയ്ൻ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി.

യാർമെലൻകോ, യാരെംചുക്ക് എന്നിവരുടെ ഗോളിൽ ആദ്യ പകുതിയിൽ ലീഡെടുത്ത ഉക്രെയ്നെ മിന്നലാക്രമണങ്ങളിലൂടെ വടക്കൻ മാസിഡോണിയ വിറപ്പിച്ചു.57-ാം മിനിട്ടിൽ അലിയോസ്കിയിലൂടെയായിരുന്നു വടക്കൻ മാസിഡോണിയയുടെ ആശ്വാസഗോൾ. പെനാൽട്ടി കിക്കടക്കം രക്ഷപ്പെടുത്തിയ വടക്കൻമാസിഡോണിയൻ ഗോളിയുടെ സൂപ്പർ സേവുകൾ ഉക്രെയ്നിന്റെ ഗോളവസരങ്ങൾ ഇല്ലാതാക്കി.പരിശീലകൻ ആന്ഡ്റേ ഷെവ്ചെങ്കോയുടെ തന്ത്രങ്ങളാണ് ഉക്രെയ്നിന് ഗ്രൂപ്പിൽ ആദ്യ ജയം സമ്മാനിച്ചത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News