കോപ്പ: പെറുവിനെതിരെ ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിന് തകർപ്പൻ ജയം. മഞ്ഞപ്പട മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് പെറുവിനെ തകർത്തു. കൊളംബിയ – വെനസ്വേല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

സാംബ താളക്കാരുടെ ഗോൾമഴയിൽ ഇക്കുറി വലഞ്ഞത് പെറുവാണ്.നാലു ഗോളുകളുമായി ബ്രസീൽ നിറഞ്ഞാടിയപ്പോൾ പെറു തീർത്തും തരിപ്പണം.വിംഗ് ബാക്ക് അലക്സാന്ദ്രോ പന്ത്രണ്ടാം മിനുട്ടിൽ നേടിയ ഗോളിന് ആദ്യ പകുതിയിൽ ലീഡെടുത്ത കനറികൾ രണ്ടാം പകുതിയിൽ പെറു ഗോൾ മുഖത്ത് സംഹാര താണ്ഡവമാടി.

ഗാബിഗോൾ – നെയ്മർ കൂട്ടുകെട്ടായിരുന്നു മുന്നേറ്റനിരയിൽ ടിറ്റെയുടെ സെലക്ഷൻ.ആദ്യ ഇലവനിൽ സ്ഥാനം കിട്ടിയ ഗാബിഗോൾ പുറത്തെടുത്തത് മികച്ച പ്രകടനം. അറുപത്തിയെട്ടാം മിനുട്ടിൽ നെയ്മർ ബ്രസീലിന്റെ ലീഡ് ഉയർത്തി.

89-ാം മിനുട്ടിൽ പകരക്കാരൻ എവർട്ടൻ റിബെയ്റോയിലൂടെ ബ്രസീൽ വീണ്ടും പെറുഗോൾ വല കുലുക്കി.കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ റിച്ചാർലിസൺ സാംബതാളക്കാരുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അജയ്യരായ ബ്രസീൽ കോപ്പയിലെ രണ്ട് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളാണ് സ്കോർ ചെയ്തത്. ആറ് പോയിന്റുള്ള ബ്രസീൽ എ ഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ബർത്ത് ഉറപ്പാക്കിയിട്ടുണ്ട്.

ഗ്രൂപ്പിലെ കൊളംബിയ – വെനസ്വേല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളിയിൽമേധാവിത്വം കൊളംബിയക്കായിരുന്നെങ്കിലും വെനസ്വേല പ്രതിരോധം ചെറുത്തു നിന്നതോടെ ഗോൾ അകന്നു നിന്നു.ടീമുകൾ പരുക്കൻ കളി പുറത്തെടുത്തപ്പോൾ റഫറിക്ക് പലപ്പോഴും കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു. കൊളംബിയൻ വിംഗർ ലൂയിസ് ഡിയാസ് ചുവപ്പ് കാർഡ് കണ്ടു.2 മത്സരങ്ങളിൽ നിന്നും 4 പോയിൻറുള്ള കൊളംബിയ ബ്രസീലിന് പിന്നിൽ രണ്ടാമതുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here