കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി: കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കാൻ സാധ്യത കുറവ്

കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്​.ഒ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റേയും (എയിംസ്​) പഠന റിപ്പോർട്ട്​.പഠനത്തിലെ പ്രാഥമിക കണ്ടെത്തൽ കൊവിഡിന്‍റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാൾ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ അൽപമെങ്കിലും അകറ്റുന്നതാണ്​.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്​ടിക്കാനുള്ള ശരീരത്തിന്‍റെ ശേഷിയെ ആണ് സിറോ പോസിറ്റിവിറ്റി എന്ന്​ പറയുന്നത്​. ഇത്​ കുട്ടികളിൽ കൂടുതലാണെന്നാണ്​ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്​.അഞ്ച് സംസ്ഥാനങ്ങളിലെ പതിനായിരം കുട്ടികളിലാണ്​ പഠനം നടത്തിയത്.

ദില്ലി അർബൻ, ദില്ലി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിലായിരുന്നു പഠനം. ദില്ലി അർബൻ (11), ദില്ലി റൂറൽ (12), ഭുവനേശ്വർ (11), ഗോരഖ്​പുർ (13), അഗർത്തല (14) എന്നിങ്ങനെ ആയിരുന്നു പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം. മാർച്ച് 15നും ജൂൺ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്.

വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ 700 പേർ 18 വയസ്സിനു താഴെയുള്ളവരും 3809 പേർ പതിനെട്ടു വയസ്സുള്ളവരുമാണ്​. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സിറം ആൻറിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകർ പറഞ്ഞു.

പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സിറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന്​ സർവെക്ക്​ നേതൃത്വം നൽകിയ എയിംസ്​ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. പുനീത്​ മിശ്ര അറിയിച്ചു. അതിനാൽ തന്നെ നിലവിലെ കൊവിഡ് വകഭേദം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന കൊവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി​.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel