ജയലക്ഷ്മിയുടെ തോല്‍വി; വാട്‌സാപ്പ് യുദ്ധത്തില്‍ ലീഗും കോണ്‍ഗ്രസും

മാനന്തവാടിയിലെ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ലീഗ് കോണ്‍ഗ്രസ് പ്രത്യക്ഷയുദ്ധം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പില്‍ വോയിസ് മെസ്സേജുകളുടെ തമ്മിലടി പുറത്താവുകയും ചെയ്തതോടെ ചില പിന്നാമ്പുറ കഥകളും വെളിച്ചത്തായി.

മാനന്തവാടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുന്നതിന് മുന്‍പേ തന്നെ ജയലക്ഷ്മിക്കായി ചില ഗ്രൂപ്പുകള്‍ ചരടുവലി തുടങ്ങിയിരുന്നത്രേ. പണം കൊടുത്ത് സോഷ്യല്‍ മീഡിയകളില്‍ സജീവമാവാനായിരുന്നു പദ്ധതി.ഇതിന് ചുക്കാന്‍ പിടിച്ചത് എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.

മാനന്തവാടി മണ്ഡലത്തില്‍ മറ്റൊരാളെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയതോടെയാണ് ഈ ബദല്‍ നീക്കമുണ്ടായത്.അഴിമതിക്കഥകളില്‍ പെട്ട് നട്ടം തിരിഞ്ഞ ജയലക്ഷ്മിക്ക് ആ പ്രതിശ്ചായയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ നീക്കം.

എം എസ് എഫ് നേതാവ് പണം വാങ്ങി ക്യാമ്പയിനുകള്‍ നടത്തിയത് ലീഗിനുപോലും ആദ്യം അറിയില്ലായിരുന്നു.എന്നാല്‍ മുന്‍ യു ഡി എഫ് കാലത്തെ അഴിമതികളുടെ മാഹാത്മ്യത്തെ മറികടക്കാന്‍ അതുകൊണ്ടൊന്നുമായില്ല എന്നത് പിന്നീടുള്ള കഥ.

ലീഗിന് സ്വാധീനമുള്ള വെള്ളമുണ്ട,പനമരം പോലുള്ള മേഖലകള്‍ പോലും യു ഡി എഫിനെ കൈവിട്ടു. യഥാര്‍ത്ഥത്തില്‍ പണം വാങ്ങിയ ചില എം എസ് എഫുകാരൊഴികെ ലീഗുകാര്‍ പോലും വോട്ട് ചെയ്തില്ലെന്ന് ചുരുക്കം.

തെരെഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ ക്യാമ്പയിന്‍ നടത്തിയ ലീഗുകാര്‍ ചതിയുടെ കഥകള്‍ പറഞ്ഞുനടപ്പായി.ഇത് യൂത്ത് കോണ്‍ഗ്രസുകാരും ഏറ്റെടുത്തു. ലീഗും വിട്ടില്ല, സ്ഥലത്തെ പ്രധാന കോണ്‍ഗ്രസി ഐക്കാര്‍ക്കെതിരെ അവരുമെയ്തു കൂരമ്പുകള്‍. അങ്ങനെ മഹായുദ്ധമായി മാനന്തവാടി പരാജയം.

രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടികളില്‍ ലീഗ് പതാകയെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചതുള്‍പ്പെടെ ഇപ്പോഴും നിന്ന് കത്തുകയാണ്.പണം വാങ്ങിയ പലര്‍ക്കും പരാജയ കഥകള്‍ അറിയാമെന്നും തോല്‍വിക്കായാണ് പലരും പണിയെടുത്തതെന്നും വാക്ക് പോരില്‍ കേള്‍ക്കാം.

ജയലക്ഷ്മിക്കായി പണം വാങ്ങി ക്യാമ്പയിന്‍ നടത്തിയ ആള്‍ ഒടുവില്‍ ലീഗ് നേതൃത്വത്തിനെതിരെ തന്നെ തുറന്നടിച്ചതോടെ തുടങ്ങിയ വാട്‌സാപ്പ് യുദ്ധം തുടരുകയാണ്.ഭിന്നത രൂക്ഷമായതോടെ വിഷയത്തില്‍ ഇടപെടാന്‍ ചില നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News