അയ്യങ്കാളിയുടെ വേർപാടിന് ഇന്ന് എൺപതാണ്ട്

ഇന്ന് അയ്യൻകാളിയുടെ ഓർമ ദിനം.പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അയ്യങ്കാളി.അധസ്ഥിതർക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ പ്രഖ്യാപനത്തിനുമുള്ള ഒരു ഉപകരണമാക്കി മാറ്റി.

ദിവാന്‍റെ വസ്ത്രധാരണത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതിൽ കടുക്കനിട്ടും മനുഷ്യാവകാശങ്ങൾ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്തജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാൻ രാജപാതയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. അത് അടിച്ചമർത്തപ്പെട്ടവർക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു.

കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ കാർഷകരെ അണിചേർത്ത് നടത്തിയ പണിമുടക്ക് സമരം ചരിത്രമായി. ജാതി കോടതികൾക്കെതിരെ, സമുദായ കോടതി എന്ന ബദൽ മാതൃകയുണ്ടാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനുമായി എക്കാലവും നിലകൊണ്ടു .

1904-ൽ വെങ്ങാനൂരിൽ ആദ്യ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി. അടിച്ചമർത്തപ്പെട്ട നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

അയ്യൻകാളിയുടെ ഓർമ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. ആദരവോടെ മഹാത്മാ അയ്യങ്കാളിയെ സ്മരിക്കുന്നതായി മന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

“നിങ്ങളുടെ പള്ളിക്കൂടത്തിൽ ഞങ്ങളുടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു ഞങ്ങൾ പണിയെടുക്കില്ല. അവിടെ മുട്ടിപ്പുല്ല് കിളിപ്പിക്കും”

കേരളം കേട്ട ഏറ്റവും രാഷ്ട്രീയപ്രബുദ്ധമായ പണിമുടക്ക് മുദ്രാവാക്യം അയ്യങ്കാളിയുടേതാണ്.

പള്ളിക്കൂടമില്ലെങ്കിൽ പാടത്തേക്കില്ല എന്ന് കട്ടായം പറഞ്ഞ അയ്യങ്കാളിയിൽ നിന്നാണ് കേരളീയ നവോത്ഥാനത്തിന്റ രാഷ്ട്രീയ ധാര സജീവമാകുന്നത്. ആത്മീയതയിലൂന്നിയ ജാതി-മത നവീകരണമായിരുന്നില്ല അദ്ദേഹം മുന്നോട്ടു വച്ചത്. മറിച്ച്, മൂർത്തമായ അനീതികളിൽ നിന്നുള്ള മനുഷ്യവിമോചനത്തിന്റെ സാക്ഷാത്കാരമായിരുന്നു. കല്ലുമാലകൾ പൊട്ടിച്ചെറിയാനും, മാറു മറയ്ക്കാനും അക്ഷരം പഠിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വില്ലുവണ്ടിയിൽ രാജപാതയിലൂടെ എല്ലാ ഭീഷണികളെയും വെല്ലുവിളിച്ച് യാത്ര ചെയ്തു.

ആധുനിക മനുഷ്യ സങ്കല്പങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അങ്ങേയറ്റം കൃത്യതയുള്ളവയായിരുന്നു. എങ്ങനെയാണ് അടിച്ചമർത്തപ്പെട്ടവന്റെ വിമോചനം സാധ്യമാകുക എന്ന കാര്യത്തിൽ ഏറ്റവും വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായി.

ഈ നാടിന്റെ ജ്വലിക്കുന്ന ചരിത്രത്തിൽ ഒരിക്കലും കെടാത്ത വെളിച്ചമായി മഹാത്മാ അയ്യങ്കാളി നിൽക്കുന്നു. വരും തലമുറകളുടെയും ഊർജമാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ.

എൺപതാം ചരമദിനത്തിൽ ആദരവോടെ മഹാത്മാ അയ്യങ്കാളിയെ സ്മരിക്കുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News