ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ 21 മുതല്‍: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ 21 മുതലാണ് ആരംഭിക്കുന്നത്.

34 ഓളം പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സർവകലാശാലയ്ക്ക് നിർദേശം നൽകി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളും ആന്റിജൻ പരിശോധന നടത്തേണ്ടതാണ്.

പരിശോധനയിൽ നെഗറ്റീവായ വിദ്യാർത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയിൽ പോസീറ്റീവായ വിദ്യാർത്ഥികളെ മറ്റൊരു ഹാളിലിരുത്തും. ഇവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതാണ്.

പരീക്ഷാ ഹാളിൽ 2 മീറ്റർ അകലത്തിലാണ് വിദ്യാർത്ഥികൾ ഇരിക്കേണ്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന സർവകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹോസ്റ്റലിൽ വരേണ്ട വിദ്യാർത്ഥികൾ കഴിവതും നേരത്തെ കൊവിഡ് പരിശോധന നടത്തി ഹോസ്റ്റലിൽ എത്തേണ്ടതാണ്. ഹോസ്റ്റലിലെ വിദ്യാർത്ഥികളും വീട്ടിൽ നിന്നും വരുന്ന വിദ്യാർത്ഥികളും തമ്മിൽ ഇടപഴകാൻ അനുവദിക്കുന്നതല്ല.

പോസിറ്റീവായ വിദ്യാർത്ഥികളെ തിയറി എഴുതാൻ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാർത്ഥികൾ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം.

ഈ വിദ്യാർത്ഥികൾക്ക് പ്രത്യേകമായി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്. രോഗലക്ഷണമുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന കൂടി നടത്തേണ്ടതാണ്.രോഗലക്ഷണങ്ങളില്ലാത്തവർ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതി.

പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങൾ കണ്ടൈൻമെന്റ് സോണിലാണെങ്കിൽ അത് അടിയന്തരമായി സർവകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകുന്നതാണ്. അതുപോലെ കണ്ടൈൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോകാനും അനുമതി നൽകും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കേണ്ടതാണ്.

ജൂലൈ ഒന്നോടുകൂടി പരിശോധിച്ച ശേഷം പടിപടിയായി നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതാണ്. ആദ്യം അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളായിരിക്കും ആരംഭിക്കുക. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകളും ആരംഭിക്കുന്നതാണ്. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായി തന്നെ നടത്തും.പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel