ADVERTISEMENT
എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥന.
സംസ്ഥാനത്തെ സാമൂഹിക- രാഷ്ട്രീയ- കലാ-തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ,അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, നാടിന്‍റെ തുടിപ്പുകൾ ആയ യുവജനങ്ങൾ എന്നിവർ ഉള്‍പ്പെടുന്ന പൊതുസമൂഹത്തെ അഭിസംബോധന ചെയ്താണ് വിദ്യാഭ്യാസമന്ത്രിയുടെ അഭ്യർത്ഥന.
കൊവിഡ് മൂലം കുട്ടികൾക്ക് ക്ലാസിൽ എത്തിപ്പെടാനാവാത്ത അവസ്ഥയാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ ഓൺലൈൻ ക്ലാസുകളിലെക്ക് കടക്കാനുള്ള തീരുമാനം. ഏറെ ശ്രദ്ധയും കരുതലും പുലർത്തിയാൽ മാത്രമെ എല്ലാ വിദ്യാർത്ഥികൾകളെയും ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകളുടെ ഭാഗമാകാൻ സാധിക്കുവെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സ്കൂൾതലത്തിൽ തന്നെ ഇവ പരിഹരിക്കാനാണ് ശ്രമം. പഠനത്തിനായി ടാബ്, ലാപ്ടോപ്, മൊബൈൽ എന്നിവ ഇല്ലാത്ത കുട്ടികൾക്ക് അവ പ്രാപ്യമാക്കണം.ഈ വിഷയത്തെ അഭിസംബോധന ചെയ്യാനും പരിഹരിക്കാനും സ്കൂൾതല സഹായ സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകി. ഇതിനോടൊപ്പം തന്നെ പൊതു സമൂഹം എന്ന നിലയിൽ നമ്മൾ ഏവരും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കേണ്ടതുണ്ട്.
വിവരങ്ങൾക്കും സഹായം എത്തിക്കുന്നതിനും ജില്ലാ തലങ്ങളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരേയും സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും ബന്ധപ്പെടാവുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.