ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങളില്‍ ജൂൺ 18 ന് നടക്കുന്ന ദേശ വ്യാപക പ്രതിഷേധത്തിൽ കെ.ജി.എം.ഒ.എ പങ്കു ചേർന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുൾപ്പടെ രാജ്യത്തിൻ്റെ പല ഭാഗത്തും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടുള്ള ദേശവ്യാപക പ്രതിഷേധത്തിൽ കെ ജി എം ഒ എ പങ്കുചേർന്നു.

കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും ഡി എച്ച് എസ്, വിവിധ ഡി എം ഒ ഓഫീസ് തുടങ്ങിയ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മാവേലിക്കര ജില്ല ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂരമായി മർദ്ദിക്കപ്പെട്ടതുൾപ്പെടെ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തരത്തിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങൾക്ക് മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുള്ള നമ്മുടെ കേരളത്തിലും ആരോഗ്യ പ്രവർത്തകർ സുരക്ഷിതരല്ല എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.

ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുകയാണ് ഇതിന് ഇനി പരിഹാരമായുള്ളത്. അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടു വരാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കെതിരെ ഉചിതമായ നടപടി എടുക്കാൻ സംവിധാനമുണ്ടാവണം.

1) ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള കേസുകളിൽ സമയബന്ധിതമായ അന്വേഷണവും വിചാരണയും ഉറപ്പുവരുത്തുന്ന നിയമ ഭേദഗതി കൊണ്ടുവരുക

2) മാവേലിക്കര ജില്ല ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതുൾപ്പടെയുള്ള ആശുപത്രി അതിക്രമങ്ങളിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുക

3) ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക

എന്നീ ആവശ്യങ്ങളാണ് കെ ജി എം ഒ എ ഉന്നയിക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉയരുന്ന ശക്തമായ പ്രതിഷേധം കണ്ടില്ലെന്നു നടിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. മാവേലിക്കര വിഷയത്തിൽ ഉൾപ്പെടെ അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ തുടർ പ്രതിഷേധങ്ങളിലേക്ക് പോകാൻ കെ ജി എം ഒ എ നിർബന്ധിതമാകുമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ ജി എസ് വിജയകൃഷ്ണൻ സെക്രട്ടറി ഡോ ടി എൻ സുരേഷ് എന്നിവർ പ്രസ്താവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here