രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമം; ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ ഹൈക്കമാന്‍ഡ് ആലോചന

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ ഹൈകമാന്‍ഡ് ആലോചിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി നല്‍കിയേക്കും. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച കെ വി തോമസിനെ എഐസിസി സെക്രട്ടറിയാക്കാനും സാധ്യതയുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതു മുതല്‍ വലിയ പ്രതിഷേധം പ്രകടിപ്പിക്കുന്ന രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് അനുനയിപ്പിക്കാനാണ് ഹൈകമാന്‍ഡ് നീക്കം. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് സൂചന. കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും എന്നാല്‍ ഹൈകമാന്‍ഡ് ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലക്ക് നല്‍കിയേക്കും. 2004ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന രമേശ് ചെന്നിത്തല 5 സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി ആകുമ്പോള്‍ സ്വാഭാവികമായി പ്രവര്‍ത്തക സമിതിയുടെ ഭാഗം ആകുമെന്നതാണ് കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം. അതേ സമയം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം മാറാതെ കെവി തോമസിന് നല്‍കാനായിരുന്നു ആലോചനകള്‍. പുതിയ സാഹചര്യത്തില്‍ കെ.വി തോമസിനെ എഐസിസി സെക്രട്ടറി ആക്കുന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here