ലക്ഷങ്ങൾ വിലയുള്ള മാമ്പഴം; സംരക്ഷിക്കാൻ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും

വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും​? എന്തായാലും കാവല്‍ക്കാരെ നിയോഗിക്കില്ല. എന്നാല്‍, മധ്യപ്രദേശിലെ ദമ്പതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ നിയോഗിച്ചത്​ നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും.

കാരണം മറ്റൊന്നല്ല, ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ അതിന്‍റെ കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക്​ ലക്ഷങ്ങള്‍ വരെ വിലവരും.

ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ്​ പരിഹാസിന്​ ചെന്നൈയിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ നല്‍കിയതാണ്​ ഈ മാവിന്‍ തൈകള്‍.

അദ്ദേഹവും ഭാര്യ റാണിയും ചേര്‍ന്ന്​ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മാവി​ന്‍ തൈകള്‍ നട്ട്​ സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം.

എന്നാല്‍, മരം വളര്‍ന്നതോടെ സാധാരണപോലെയായിരുന്നില്ല ഇലകള്‍. അതിലുണ്ടായ മാങ്ങകളാക​ട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന്​ ദമ്പതികള്‍ ഈ മാങ്ങയെക്കുറിച്ച്‌​ ഗവേഷണം ആരംഭിച്ചു. എന്നാല്‍, ഗവേഷണത്തിന്​ ശേഷം മധുരമുള്ള സമ്മാനമാണ്​ ലഭിച്ചിരിക്കുന്നതെന്ന്​ ദമ്പതികള്‍ തിരിച്ചറിയുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്​ മിയാസക്കി മാങ്ങകള്‍. അന്താരാഷ്​ട്ര വിപണിയിലാണ്​ ഇവക്ക്​ ആവശ്യക്കാരേറെ. കഴിഞ്ഞവര്‍ഷം അന്താരാഷ്​ട്ര വിപണിയില്‍ 2.70 ലക്ഷം രൂപക്കാണ്​ ഇവര്‍ മാങ്ങകള്‍ വിറ്റത്​.

മുന്‍ വര്‍ഷം നിരവധി മാങ്ങകള്‍ ഇവിടെ മോഷണം പോയിരുന്നു. അത്യപൂര്‍വമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത്​ പരന്നതോടെയായിരുന്നു സംഭവം.

മാങ്ങകള്‍ മോഷണം പോകുന്നത്​ പതിവായതോടെയാണ്​ മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും ദമ്പതികള്‍ നിയോഗിച്ചത്​.

ഈ സീസണില്‍ മാവുകള്‍ പൂവിട്ടു തുടങ്ങിയതോടെ തന്നെ ദമ്ബതികള്‍ക്ക്​ ഓര്‍ഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത്​ ആസ്​ഥാനമായ ബിസനിസുകാരന്‍ ഒരു മാങ്ങക്ക്​ 21,000 രൂപ വീതം നല്‍കാമെന്ന്​ ദമ്പതികള്‍ക്ക്​ വാഗ്ദാനം ചെയ്​തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ഉയര്‍ന്നതോതില്‍ ബീറ്റാ കരോട്ടിന്‍, ഫോളിക്​ ആസിഡ്​, ആന്‍റി ഓക്​സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ്​ മിയാസക്കി. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ്​ നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ്​ ആദ്യം ഈ മാങ്ങകളുണ്ടായത്​. അതിനാലാണ്​ മിയാസക്കി എന്ന്​ മാമ്പഴത്തിന്​ പേരിട്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News