BIG BREAKING :സി.പി.ഐ.എമ്മിന്റെ ഒരു ഉന്നത നേതാവിനെ വധിക്കണം, ഒന്നെങ്കില്‍ പിണറായി അല്ലെങ്കില്‍ ഇ.പി: കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി സുധാകരന്റെ പഴയ ഡ്രൈവർ

കെ സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരി.പിണറായി വിജയനെയോ ഇ.പി ജയരാജനെയോ വധിക്കണമെന്ന് കെ. സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ പഴയ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. സ്വകാര്യ ചാനൽ ചര്‍ച്ചയിലായിരുന്നു പ്രശാന്ത് ബാബുവിന്റെ പ്രതികരണം.

പിണറായി വിജയനെയോ ഇ.പി. ജയരാജനെയോ വധിക്കാനായിരുന്നു കെ. സുധാകരന്റെ നിര്‍ദേശമെന്നും തന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന് കെ. സുധാകരന്‍ സ്വാധീനിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു.

പേരാവൂര്‍ സംഭവത്തിന് പിന്നാലെ സി.പി.ഐ.എമ്മിന് ഒരു മറുപടി കൊടുക്കേണ്ടെ എന്ന് ചോദിച്ചത് ടി.പി. ഹരീന്ദ്രനാണെന്നും അന്ന് കെ. സുധാകരനും ടി.പി ഹരീന്ദ്രനും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ ഏതെങ്കിലും ഒരു ഉന്നത നേതാവിനെ വധിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഒന്നെങ്കില്‍ ഇ.പി. ജയരാജന്‍ അല്ലെങ്കില്‍ പിണറായി വിജയന്‍ എന്നതായിരുന്നു അത്.തന്നെ പോലുള്ള യുവാക്കളെയാണ് അന്ന് കെ. സുധാകരന്‍ സ്വാധീനിച്ചത്.

പ്രതികരിച്ചിരിക്കും എന്ന് അന്ന് കെ.സുധാകരന്‍ പറഞ്ഞപ്പോള്‍ തനിക്കും ആവേശം വന്നു. താനാണ് അന്ന് ആദ്യത്തെ ബോംബെറിഞ്ഞത്.അന്ന് കെ. സുധാകരന്റെ ഒപ്പം പോയി കരിമ്പില്‍ കൃഷ്ണന്‍ പുല്ലില്‍ പൊതിഞ്ഞ ബോംബ് നല്‍കിയത് തന്റെ കൈയ്യിലാണ്.

കെ.സുധാകരന് ഒരു ജീപ്പേ ഉള്ളൂ. പൊട്ടിപ്പൊളിഞ്ഞ തളിപ്പറമ്പ് ഹൈവേയിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ സുധാകരന്റെ വാക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന കാലംവരെ സൂക്ഷിച്ചിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു.

2012ല്‍ തന്നെ താനിതെല്ലാം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെ എന്ത് നടപടിയാണുണ്ടായത്. കോഴിക്കോട് വെച്ച് ടി.പി. ഹരീന്ദ്രനെ ചോദ്യം ചെയ്തെന്ന് പറയുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെയോ കെ. സുധാകരന് നേരെയോ എന്ത് നടപടിയാണെടുത്തത് എന്നും പ്രശാന്ത് ബാബു ചോദിച്ചു.

ഇതെല്ലാം എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കിയ കെ. സുധാകരനും ജയില്‍ പോകണമെന്നും പ്രശാന്ത് ബാബു ചര്‍ച്ചയില്‍ പറഞ്ഞു.

കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തിന് കാരണം കെ. സുധാകരനായിരുന്നുവെന്നും  പ്രശാന്ത് ബാബു വ്യക്തമാക്കി. ക്രിമിനല്‍ രാഷ്ട്രീയം തന്റെ ഉയര്‍ച്ചക്കായി കെ. സുധാകരന്‍ ഉപയോഗിച്ചെന്നും പ്രശാന്ത് ബാബു പറഞ്ഞു.

സുധാകരന്‍ വന്നതുമൂലമാണ് കണ്ണൂരില്‍ അക്രമരാഷ്ട്രീയം ഉണ്ടായത്.ക്രിമിനല്‍ രാഷ്ട്രീയം തന്റെ ഉയര്‍ച്ചക്കായി ചവിട്ടുപടിയാക്കി കയറാന്‍ ഉപയോഗിക്കുകയായിരുന്നു സുധാകരന്‍ എന്നും പ്രശാന്ത് ബാബു പറഞ്ഞു.

22 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലിയാടാക്കിയത് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളുവെന്നും അത് കെ. സുധാകരന്‍ ആണെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

സ്‌കൂൾ വിദ്യാർഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടതായി കോൺഗ്രസ്‌ നേതാവ്‌ സ്വകാര്യമായി വെളിപ്പെടുത്തിയിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ക‍ഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുധാകരന്റെ അടുപ്പക്കാരനും അദ്ദേഹത്തിന്റെ പണമിടപാടുകാരനുമായ കോൺഗ്രസ്‌ നേതാവ്‌ വീട്ടിലെത്തിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. എന്നാൽ, വരുന്നിടത്തുവച്ച്‌ കാണാമെന്നു പറഞ്ഞ്‌ ഞാൻ അദ്ദേഹത്തെ മടക്കി.

ഇത്‌ ഭാര്യയോടുപോലും പറഞ്ഞില്ല. കുട്ടികളെ ഭാര്യ കൈപിടിച്ച്‌ സ്‌കൂളിൽ കൊണ്ടുപോകുന്ന കാലമാണത്‌. ഇതെല്ലാം കടന്നാണ്‌ താൻ വന്നത്‌. സുധാകരന്‌ പല മോഹങ്ങളുമുണ്ടാകാം. എന്നാൽ, വിചാരിക്കുന്നപോലെ വിജയനെ വീഴ്‌ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനെ ബ്രണ്ണൻ കോളേജിൽവച്ച്‌ ചവിട്ടിവീഴ്‌ത്തിയെന്ന്‌ സുധാകരൻ അഭിമുഖത്തിൽ പറഞ്ഞതുസംബന്ധിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ സുധാകരന്‌ എന്നോട്‌ വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്‌ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും. യഥാർഥത്തിൽ സംഭവിച്ചത്‌ മറിച്ചാണ്‌. പരീക്ഷയെഴുതാനാണ്‌ അവിടെ പോയത്‌. കോളേജിൽ ഇല്ലാത്തതിനാൽ സംഘർഷത്തിൽ ഇടപെടാതെ ഒഴിവാകണമെന്നായിരുന്നു മനസ്സിൽ. സംഘർഷം മുറുകിയപ്പോൾ പ്രത്യേക രീതിയിൽ രണ്ടു കൈയും കൂട്ടിയിടിച്ച്‌ ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും. അതോടെ കെഎസ്‌യു നേതാവ്‌ ബാലൻ വന്ന്‌ സുധാകരനെ പിടിച്ചുകൊണ്ടുപോയി. ഫ്രാൻസിസ്‌ എന്നൊരാൾ കത്തിയുമായെത്തി തന്നെ അടിച്ചുവീഴ്‌ത്തിയെന്നതും സുധാകരന്റെ മോഹംമാത്രം. തന്റെ ശരീരത്തിന്റെ അടുത്തേക്ക്‌ വരാൻ ആഗ്രഹിച്ച പലരും ഉണ്ടാകാം. എന്നാൽ, ആരും അടുത്തേക്ക്‌ വന്നിട്ടില്ല. പൊലീസുകാർ ചെയ്‌തത്‌ മാത്രമാണുള്ളത്‌.

സി എച്ച് മുഹമ്മദ് കോയ മന്ത്രിയായിരിക്കെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്‌ഘാടനത്തിന് ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സുധാകരന്റെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടുകയും ചെരിപ്പെറിയുകയും ചെയ്‌തു. സി എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് എ കെ ബാലനടക്കമുള്ള അന്നത്തെ കെഎസ്‌എഫ്‌ പ്രവർത്തകരുടെ ബലത്തിലാണ്. ഇപ്പോൾ വീരവാദം മുഴക്കുന്ന സുധാകരനെ അവർ അർധനഗ്നനായി ആ കോളേജ് ചുറ്റിപ്പിച്ചു. വലിയ പൊങ്ങച്ചം പറയുന്ന സുധാകരൻ ഇതെല്ലാം ഓർക്കണം.രാഷ്ര്‌ട്രീയ നിലപാടും ഇതുപോലെ തന്നെയാണ്‌. ബിജെപിയാണ്‌ ശരിയെന്ന്‌ എനിക്ക്‌ തോന്നിയാൽ അതിൽ ചേരാൻ മടിക്കില്ലെന്നായിരുന്നു മുൻപ്‌ പറഞ്ഞത്‌. ബിജെപിയല്ല മുഖ്യശത്രുവെന്നാണ് ഇപ്പോഴും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണമുണ്ടാക്കാനാണ്‌ കെ സുധാകരൻ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയതെന്നും പലരെയും കൊന്ന്‌ പണമുണ്ടാക്കിയതായി കോൺഗ്രസ്‌ നേതാവായിരുന്ന പി രാമകൃഷ്‌ണൻ വെളിപ്പെടുത്തിയ കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുധാകരൻ അലഞ്ഞുനടന്ന റാസ്‌കലാണെന്നും ഭീരുവുമാണെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്‌. ഇതൊന്നും ഞാൻ പറയാൻ വിചാരിച്ചതല്ല. എന്നാൽ, വല്ലാതെ പൊങ്ങച്ചം കേൾക്കുമ്പോൾ പറയുന്നെന്നുമാത്രം.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രശാന്ത്‌ബാബുവും എങ്ങനെ സുധാകരന് എതിരായെന്ന് രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിനെ ആക്രമിച്ച് കാല് തകർത്തതിനെക്കുറിച്ച് പറയുന്നുണ്ട്. സുധാകരന്റെ ചെയ്തികൾ പറഞ്ഞതിന് രാമകൃഷ്ണനെ ഡിസിസി ഓഫീസിൽ കയറാൻ സമ്മതിച്ചില്ല. ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ പൊതുവേദിയിൽ ലഭ്യമാണ്.

സുധാകരനോടൊപ്പം അതേ കളരിയിൽ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ലെന്നും തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ എവിടെയെന്നും ചോദിക്കുന്നുണ്ട്. ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരൻ ഗൾഫിൽ നിന്നുൾപ്പെടെ 30 കോടി പിരിച്ചു. എന്നാൽ, സ്‌കൂൾ വാങ്ങിയില്ലെന്നും മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here