മലക്കം മറിഞ്ഞ് കെ സുധാകരൻ :പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍

പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍:മനോരമയില്‍ വന്ന അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല എന്നും സുധാകരൻ

പിണറായി വിജയനെ ചവിട്ടി താഴെയിട്ടെന്നും,കെ ബാലനെ തല്ലിയോടിച്ചെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ സുധാകരന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ എന്താണെന്നു മുഖ്യമന്ത്രി ഇന്നലെ തന്നെ വിശദീകരിച്ചിരുന്നു.ചവിട്ടി വീഴ്ത്തി എന്നത് അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു സുധാകരൻ .പിണറായി വിജയനെ ചവിട്ടിയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനോരമ ആഴ്ചപ്പതിപ്പിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞതായിട്ടുമായിരുന്നു അഭിമുഖത്തില്‍ വന്നത്.”ഈ ചോദ്യം ലേഖകന്‍ എന്നോട് ചോദിച്ചതാണ്. എന്നാല്‍ ഇതിനെ കുറിച്ച് പറയാനോ എഴുതാനോ വിശദീകരിക്കാനോ താല്‍പ്പര്യമില്ലെന്നായിരുന്നു തന്റെ മറുപടി. അത് ഒഴിവാക്കാനും പറഞ്ഞിരുന്നു.എന്നാല്‍ ഇത് പ്രസിദ്ധീകരിക്കില്ലെന്നും തനിക്ക് അറിയാന്‍ വേണ്ടിയാണെന്നും പറഞ്ഞ് വീണ്ടും ചോദിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഓഫ് റെക്കോര്‍ഡ് എന്ന് പറഞ്ഞുകൊണ്ട് പേഴ്‌സണലായി വിശദീകരിച്ചെന്നും” സുധാകരന്‍ പറഞ്ഞു.

ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരള ജനതയെ അറിയിക്കാനുള്ള താത്പര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരിലൊരാളോട് പറഞ്ഞ കെ സുധാകരന്‍ ആരാണ് നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ചോദ്യം അയച്ചു തരുന്നതെന്നും ചോദിച്ചു.

കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ ശരി വച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ രംഗത്ത് വന്നിരുന്നു. കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരനും രംഗത്തെത്തി.സുധാകരൻ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല.
കെ പി സി സി അധ്യക്ഷൻ ആയതിനാൽ ഇപ്പോൾ സുധാകരനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും പ്രസ്താവനകളിൽ കെ സുധാകരൻ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായിയെ ചവിട്ടി വീ‍ഴ്ത്തിയെന്ന് കെ സുധാകരൻ പറയുന്നത് ബഡായിയെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു . സുധാരകനെ അര്‍ധനഗ്നനായി കോളേജിനു ചുറ്റും ഓടിച്ചിട്ടുണ്ട് .സുധാകരന്‍ തച്ചോളി ഒതേനന്‍റെ പൂ‍ഴിക്കടകന്‍ പഠിച്ച കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലെന്നും എ കെ ബാലന്‍ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News