നേപ്പാളില്‍ പ്രളയവും ഉരുള്‍പൊട്ടലും; ഏഴ് മരണം, 25 പേരെ കാണാനില്ല

കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം പതിനൊന്ന് പേര്‍ മരിച്ചു. 25ഓളം പേരെ കാണാതായി. കാഠ്മണ്ഡുവിന്റെ വടക്ക് കിഴക്കന്‍ പ്രദേശമായ സിന്ധുപാല്‍ ചൗക്ക് ജില്ലയിലെ മേലംചി പട്ടണത്തിന് സമീപമാണ് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. 2015 ലെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സിന്ധുപാല്‍ ചൗക്ക് പ്രദേശം.

മേലംചി പട്ടണത്തില്‍ മാത്രം 200 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനായെത്തിയ ചൈനീസ് തൊഴിലാളികളാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ ടിബറ്റ് മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പര്‍വതനിരയായ സിന്ധുപാല്‍ ചൗക്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 ഓളം കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മേലംചി പട്ടണത്തിലെ കുടിവെള്ളപദ്ധതിയുടെ ജോലികള്‍ ചെയ്യുന്നത് ചൈനീസ് കമ്പനിയാണ്. ഇവരുടെ തൊഴിലാളികളില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നേപ്പാളില്‍ ജൂണ്‍ മാസത്തില്‍ ആരംഭിച്ച് സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഉണ്ടായ കനത്ത മഴയില്‍ നേപ്പാളിലെ റോഡുകള്‍ മിക്കതും തകര്‍ന്നു, പാലങ്ങള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മത്സ്യ ഫാമുകളും കന്നുകാലികളും ഒഴുകിപ്പോയി. വീടുകള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News