വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ

വായനാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ഇന്നു വായനാ ദിനമാണ്. കേവലം പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും പകർന്ന ധൈഷണികാന്വേഷണങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണീ ദിനം.

ജാതി വിവേചനത്തിൻ്റേയും ജന്മിത്വത്തിൻ്റേയും ദരിദ്രവും ഇരുൾ നിറഞ്ഞതുമായ നാളുകളിൽ നിന്നും ഇന്നു നമ്മൾ കാണുന്ന മാനവികതയുടെ കൊടുക്കൂറ പാറുന്ന കേരള മാതൃകയിലേക്കുള്ള യാത്രയിൽ മലയാളിക്ക് കരുത്തു പകരാൻ വായനാശീലത്തിനു സാധിച്ചിട്ടുണ്ട്. വായനയെ നീതിരഹിതമായ ഒരു വ്യവസ്ഥിതിയിൽ നിന്നുമുള്ള വിമോചനത്തിൻ്റെ ആയുധമാക്കിയ ജനതയാണ് നാം.

അതിനെ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ട് ഇന്നത്തെ കാലത്തിൻ്റെ വെല്ലുവിളികളെ മനസ്സിലാക്കാനും മറികടക്കാനും നമുക്ക് സാധിക്കണം. അതിനാവശ്യമായ പരിശ്രമങ്ങൾ ആലോചനാവിഷയമാകേണ്ട ഒരു ദിവസം കൂടിയാകണം വായനാ ദിനം.

കേരള ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമുള്ള അത്തരമൊരു പരിശ്രമമായിരുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് നമ്മൾ വായനാ ദിനമായി ആചരിക്കുന്നത്. കേരള സമൂഹത്തെ വായനയോട് ചേർത്തുനിർത്തുന്നതിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ചുപോരുന്ന പങ്ക് നിസ്തുലമാണ്.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും, നാടിന് അക്ഷരവെളിച്ചം പകരുന്ന ഒരു ഗ്രന്ഥശാലയെങ്കിലുമുണ്ടാകും. ഇവയൊന്നും സ്ഥാപിച്ചത് സർക്കാരുകളുടെ മുൻകൈയിലല്ല. ഓരോ പ്രദേശത്തെയും പുരോഗമന ചിന്താഗതിക്കാരും ചെറുപ്പക്കാരുമാണ് ഇവയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത്. തത്ഫലമായി വായനയെ വർഗഭേദമന്യേ ജനകീയവൽക്കരിക്കുക എന്ന മഹത് ലക്ഷ്യം നിറവേറ്റാൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു സാധിച്ചു.

കൊവിഡ്കാലം നാടിന്റെ സമസ്തമേഖലയെയും പലതരത്തിലാണ് ബാധിച്ചത്. ഗ്രന്ഥശാലാപ്രസ്ഥാനവും ഇതിൽ നിന്നും മുക്തമായിരുന്നില്ല. എങ്കിലും ചില ബദൽ മാർഗ്ഗങ്ങൾ ആവിഷ്‌ക്കരിച്ച് നാട്ടിൽ വായനയുടെ വസന്തകാലം നിലനിർത്താൻ ഗ്രന്ഥശാലകൾക്കായി എന്നത് സന്തോഷംപകരുന്ന കാര്യമാണ്.

ലോക്ഡൗൺ കാലയളവിൽ വീടുകളിൽ പുസ്തകങ്ങളെത്തിക്കുക വഴി രോഗബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനും, മലയാളിയുടെ വായനാശീലത്തിൽ വിടവുവരാതെ നോക്കാനും ഗ്രാമീണ ഗ്രന്ഥശാലകൾക്കു സാധിച്ചു. അഭിമാനകരമായ കാര്യമാണിത്.

നമ്മുടെ നാട്ടിലെ ഏറ്റവും ജനകീയമായ സാംസ്‌കാരിക കേന്ദ്രങ്ങളായി ഇന്ന് ഗ്രന്ഥശാലകൾ മാറിയിട്ടുണ്ട്. കേവലം പുസ്തകവിതരണ കേന്ദ്രങ്ങൾ മാത്രമല്ല ഇന്നവ. പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും അതിനനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റംവരുത്താനും കേരളത്തിലെ ഗ്രന്ഥശാലകൾക്ക് ഇന്ന് കഴിയുന്നുണ്ട്.

പുസ്തക ഡിജിറ്റലൈസേഷൻ, ഇ-വായനാ കോർണർ, തുടങ്ങി കാലാനുസൃതമായ പല മാറ്റങ്ങളും നമ്മുടെ ഗ്രന്ഥശാലകളിൽ വന്നിട്ടുണ്ട്. പുതിയ സാഹചര്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുമ്പോഴല്ല, അവയെക്കൂടി പ്രയോജനപ്പെടുത്തി വായനയെ ജനകീയവത്ക്കരിക്കുമ്പോഴാണ് ഗ്രന്ഥശാലാ പ്രവർത്തനം സാർത്ഥകമാകുന്നത്.

വായനാ ദിനത്തിനു പുറമേ, സംസ്ഥാന സർക്കാർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാപക്ഷാചരണം കൂടി സംഘടിപ്പിക്കുകയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ രണ്ടു വ്യക്തിത്വങ്ങളുടെ ഓർമകൾ നിലനിർത്തും വിധമാണ് ഈ പരിപാടി നടത്തുന്നത്.

പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് തുടങ്ങി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സെക്രട്ടറിയായ ഐ. വി. ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 വരെ നീളുന്നതാണത്. നിരവധി ക്രിയാത്മക പ്രവർത്തനങ്ങൾ അതിൻ്റെ ഭാഗമായി നടപ്പാക്കപ്പെടും.

പുസ്തക വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. മനുഷ്യസ്നേഹവും സമത്വവും സന്തോഷവും നിറഞ്ഞ ലോകത്തിലേക്കുള്ള മാർഗത്തിൽ നമുക്കതു കരുത്തു പകരട്ടെ. എല്ലാവർക്കും ഹൃദയപൂർവം വായനാ ദിന ആശംസകൾ നേരുന്നു”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News