മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മ്മ യു പിയിലെ ബി ജെ പി ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബി ജെ പി ഉപാധ്യക്ഷനായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള നേതാക്കളിലൊരാളാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ എ കെ ശര്‍മ്മ.

യു പി മന്ത്രിസഭ പുനസംഘടനയില്‍ എ കെ ശര്‍മ്മക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി ചുമതല നല്‍കിയത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ശര്‍മ്മയുടെ രാഷ്ട്രീയ നിയമനം.

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് മന്ത്രിസഭ പുനസംഘടനയും ചര്‍ച്ചയായത്. എന്നാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ ബി ജെ പി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ച ദില്ലിയിലെത്തി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ കെ ശര്‍മ്മ പുതിയ പദവിയിലേക്ക് എത്തുന്നത്.

1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ എ കെ ശര്‍മ്മ, സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്നുള്ള ശര്‍മ പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഗുജറാത്തില്‍ മോദിയോടൊപ്പം ശര്‍മ്മ ജോലി ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News