ഇന്ന് ഫാദേഴ്സ് ഡേ: കൊവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കി ഈ ദിനം സ്‌പെഷ്യലാക്കി മാറ്റാം

ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്.ഇവിടെയാണ് ‘ഫാദേഴ്സ് ഡേ’ പ്രാധാന്യമർഹിക്കുന്നത്.

പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്.

ഈ വർഷം ജൂൺ 20 നാണ് (ഞായറാഴ്ച) ഫാദേഴ്സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.

പിതൃദിനത്തിന്റെ തുടക്കം1009 ലാണ്. അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം.

അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലെത്തിച്ചത്. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്.

ആ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. 1913 ൽ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്.

കുട്ടികളെ സംബന്ധിച്ചിടത്തോളം അച്ഛന് കുടുംബത്തിനുള്ളിലെ പ്രധാന സ്ഥാനമാണ്. നിർബന്ധമായും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് നിഷ്കർഷയുള്ള സ്ഥാനം. അതുകൊണ്ടു തന്നെ ഒരു പിതാവിന്റെ പെരുമാറ്റവും സ്വഭാവ രീതികളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു. അതിനാൽ പിതാക്കന്മാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഉത്തരവാദിത്തമുള്ള ഒരു പിതാവ് എല്ലായ്പ്പോഴും തന്റെ കുട്ടികൾക്ക് ശാരീരികമായും മാനസികമായും വളരുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം ലഭിക്കുമെന്ന് ഉറപ്പാക്കും.

കുട്ടികൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നത് അച്ഛനിൽ നിന്നാകും. കുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുമ്പോൾ അവരുടെ ജോലിയിലും പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അതിനാൽ ഏത് പ്രശ്നങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാൻ താൻ അവിടെ ഉണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം പിതാവിനുണ്ട്.

ലോകത്തെ മുഴുവൻ കുട്ടികൾക്ക് മുന്നിൽ തുറക്കുന്ന ഒരു വലിയ ജാലകം തന്നെയാണ് അച്ഛൻ. കുട്ടികൾ പിതാവിന്റെ കണ്ണുകളിലൂടെ ലോകത്തെ മുഴുവൻ പരിചയപ്പെടാൻ തുടങ്ങുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഈ ലോകത്ത് എന്താണുള്ളതെന്ന് അവരെ പഠിപ്പിക്കുന്നതിനുള്ള മികച്ച വഴികാട്ടിയാണ് അവരുടെ പിതാവ്, അതുകൊണ്ട് ഇക്കാര്യത്തിൽ മികച്ച രീതിയിൽ അറിവ് നൽകാൻ ഓരോ അച്ഛൻമാർക്കും കഴിയണം.

അച്ഛൻ കുട്ടികളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തവും ഓരോ അച്ഛനുമുണ്ട്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിന് മക്കളെ പ്രോത്സാഹിപ്പിക്കരുത്, എന്നാൽ ഏത് തരത്തിലുള്ള ഉപേദശവും സ്നേഹത്തോടെ അവർക്ക് പകരണം.

അച്ഛൻ കുട്ടിയോട് മാത്രമല്ല, പങ്കാളിയോടും സ്നേഹവും ആദരവും പ്രകടിപ്പിക്കണം.ഇങ്ങനെ ചെയ്താൽ മാത്രമേ കുട്ടികൾ അമ്മമാരെയും മറ്റ് മുതിർന്നവരെയും ബഹുമാനിക്കാൻ പഠിക്കൂ. പിതാക്കന്മാർ ഒരിക്കലും കുട്ടികളുടെ അമ്മമാരോട് ഒരു അപമാനവും കാണിക്കരുത്.

ഫാദേഴ്സ് ഡേയിൽ സമ്മാനങ്ങളും ആശംസാ കാർഡുകളും അച്ഛന് ചിലർ നൽകാറുണ്ട്. ചിലർ അദ്ദേഹത്തിനൊപ്പം പുറത്തുപോകുന്നതിനും കുറച്ചു സമയം ചെലവിടുന്നതും ഈ ദിവസം മാറ്റിവയ്ക്കാറുണ്ട്. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയാലും അച്ഛന് ഈ ദിനം സ്‌പെഷ്യലാക്കി മാറ്റാൻ ആരും മറക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News