യൂറോ കപ്പ്: പോർച്ചുഗലിനെതിരെ ജർമനിക്ക് ജയം, ഫ്രാൻസിനെ ഹംഗറി സമനിലയിൽ പൂട്ടി

യൂറോ കപ്പ് ഫുട്ബോളിൽ മരണ ഗ്രൂപ്പിലെ ഗ്ലാമർ ത്രില്ലറിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരെ ജർമനിക്ക് ജയം .രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരുടെ ജയം.എഫ് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഹംഗറി സമനിലയിൽ പൂട്ടി.സ്പെയിൻ -പോളണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

ആവേശം അലകടലായി പെയ്തിറങ്ങിയ അലയൻസ് അരീന ത്രില്ലറിലെ ഗോൾ മഴയ്ക്കൊടുവിൽ അഭിമാന ജയവുമായി തല ഉയർത്തിയത് ജർമനിയായിരുന്നു. യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരായ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിക്കായിരുന്നു മുൻതൂക്കം.

ഫ്രാൻസിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്‍റെ കണക്ക് തീർക്കാനുറച്ച് ഇറങ്ങിയ ജർമൻ പറങ്കിപ്പടയുടെ ഗോൾ മുഖത്ത് ഇരമ്പിയെത്തിയത് പല തവണ.കളിയുടെ ഗതിക്ക് വിപരീതമെന്നോണം പതിനഞ്ചാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡെടുത്തു.

വർധിത വീര്യത്തോടെ ആക്രമിച്ചു കയറിയ ജർമൻ പട 35-ാം മിനിട്ടിൽ ഒപ്പമെത്തി.പോർച്ചുഗൽ പ്രതിരോധം വീണ്ടും പാളിച്ചകൾ ആവർത്തിച്ചപ്പോൾ 39-ാം മിനിട്ടിൽ ജർമനി ലീഡ് ഉയർത്തി.2-1 ന്‍റെ ലീഡുമായി രണ്ടാം പകുതി തുടങ്ങിയ ജർമനി കായ് ഹവേർട്സിന്റെ സൂപ്പർ ഗോളിൽ വീണ്ടും മുന്നിൽ.

അറുപതാം മിനിട്ടിൽ പറങ്കി പ്രതിരോധത്തെ കടപുഴക്കി ഗോസെൻസിന്റെ ഉഗ്രൻ ഹെഡ്ഡർ ഗോൾ.കൗണ്ടർ അറ്റാക്കിൽ ഡിയാഗോ ജോട്ടയിലൂടെ പോർച്ചുഗൽ ലീഡ് കുറച്ചു. അവസാന മിനുട്ടുകളിലും
ജർമൻ പട പറങ്കിപ്പടയുടെ ഗോൾ മുഖം തുരുതുരെ ആക്രമിച്ചെങ്കിലും ഗോളി പട്രീഷ്യോ മാനം കാത്തു.

മരണ ഗ്രൂപ്പിലെ മറ്റൊരു പോരിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് മൂക്കുകയറിട്ട് ഹംഗറി കറുത്ത കുതിരകളായി. ആക്രമണാത്മക ഫുട്ബോളുമായി കളം വാണ ഫ്രാൻസിനെ അറ്റിലഫിയോളയുടെ ‘കൗണ്ടർ അറ്റാക്ക് ‘ ഗോളിലൂടെ ഹംഗറി ഞെട്ടിച്ചു.സമനില ഗോളിനായി വീറോടെ പൊരുതിയ ഫ്രഞ്ച് പട 66-ാം മിനുട്ടിൽ ഗ്രീസ്മാനിലൂടെ ഒപ്പമെത്തി.

ഫ്രാൻസിന്റെ ഗോളെന്നുറച്ച അവസരങ്ങൾ ഹംഗറി ഗോളി തട്ടിയകറ്റിയതോടെ ഫെറങ്ക് പുഷ്കാസ് സ്റ്റേഡിയത്തിൽ പിറന്നത് ഹംഗേറിയൻ ഫുട്ബോളിലെ പുതു ചരിത്രം.ഗ്രൂപ്പ് ഇ യിൽ പോളണ്ട് – സ്പെയിൻ മത്സരം സമനിലയിൽ അവസാനിച്ചു.

25-ാം മിനുട്ടിൽ മൊറാട്ടയിലൂടെ ഗോളിൽ മുന്നിലെത്തിയ സ്പെയിനിനെ 54-ാം മിനുട്ടിൽ ലെവൻഡോവ്സ്കിയുടെ ഗോളിലൂടെ പോളണ്ട് സമനിലയിൽ കുരുക്കി. രണ്ടാം സമനിലയോടെ സ്പെയിനിന്റെ പ്രീ ക്വാർട്ടർ സാധ്യത മങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News