പതിവ് തെറ്റാതെ ഡബ്ബൂ രത്‌നാനി; പുതിയ ഫോക്കസിൽ ആലിയ ഭട്ട്

ബോളിവുഡിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ഡബ്ബൂ രത്‌നാനി തന്റെ പ്രശസ്തമായ കലണ്ടറുമായി വീണ്ടും എത്തിയിരിക്കയാണ്. എല്ലാ വർഷവും വലിയ കൊട്ടിഘോഷങ്ങങ്ങളോടെ പുറത്തിറക്കാറുള്ള കലണ്ടറിന്റെ പ്രകാശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓൺലൈനിൽ ചുരുങ്ങിയെങ്കിലും കലണ്ടറർ പഴയ പ്രതാപം നില നിർത്തി.

വൈഡൂര്യ കളറിൽ നേരിയ ഇഴകളിൽ നെയ്തെടുത്ത വസ്ത്രത്തിൽ ആലിയ ഭട്ടിന്റെ ചിത്രം പതിവ് രത്‌നാനി ചിത്രങ്ങളോട് കിട പിടിക്കുന്നത് തന്നെയായിരുന്നു. ലക്ഷ്മി ലെഹർ ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. കവിത പോലെ മനോഹരമെന്നാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് രത്‌നാനി കുറിച്ചത്.

കലണ്ടർ താളുകളെ വിസ്മയിപ്പിച്ച ആലിയ ഭട്ട് തന്റെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷവുമായി എത്തുകയാണ്. കാമാത്തിപുര അടക്കി വാണിരുന്ന ഗാംഗുബായിയുടെ കഥ പറയുന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ‘ഗാംഗുബായ് കത്തിയവാഡി’ യെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടാണ്. അറുപതുകളിൽ മുംബൈയിലെ ചുവന്ന തെരുവിൽ നിരവധി വേശ്യാലയങ്ങളുടെ ഉടമയായിരുന്നു ഗാംഗുബായ്. അധോലോക ബന്ധങ്ങളിലൂടെ കാമാത്തിപുരയെ അടക്കി വാഴുകയായിരുന്നു അവർ. അധോലോകത്തിൽ ആധിപത്യം പുലർത്തിയ ഹാജി മസ്താനും വരദരാജനും കരീം ലാലയുമെല്ലാം സുഹൃത്തുക്കളായിരുന്നു. കരീമിനെ കണ്ടുമുട്ടിയത് മുതലാണ് ഗാംഗുബായിയുടെ ജീവിതം മാറി മറിയുന്നത്.

ഗുജറാത്തിലെ കത്തിയവാഡിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ഗാംഗുബായ് സിനിമാ മോഹവുമായാണ് നഗരത്തിലെത്തുന്നത്. വിവാഹ ജീവിതത്തിൽ വഞ്ചിക്കപ്പെട്ട അവളെ വെറും 500 രൂപയ്ക്ക് അയാൾ കാമാത്തിപുരത്തിൽ വിൽക്കുന്നതോടെയാണ് ഗാംഗുബായിലേയ്ക്കുള്ള പരിണാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here