യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ പൊട്ടിത്തെറി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറി. യുപി, ത്രിപുര, ഉത്തരാഖണ്ഡ്, ഗുജറാത്ത്‌, രാജസ്ഥാൻ, കർണാടക, ബീഹാർ, പോണ്ടിച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഗ്രൂപ്പ്‌ പോരാട്ടമാണ് ബിജെപി നേതൃത്വത്തിന് വെല്ലുവിളി.

യോഗി സർക്കാരിനെതിരെ പാർട്ടിക്കകത്തും പുറത്തും വിമർശനം ശക്തമായ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും വൈസ് പ്രസിഡന്റ് രാധാമോഹൻ സിങ്ങും ചർച്ചകൾക്കായി നാളെ വീണ്ടും ലക്നൗവിലെത്തും.

യുപിയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തരാഖണ്ഡിൽ ഏതാനും മാസം മുൻപാണ് ത്രിവേന്ദസിങ് റാവത്തിനെ മാറ്റി തീരഥ് സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയത്. കൊവിഡ് പാളിച്ചകൾക്കെതിരെ പാർട്ടിയിൽ അസ്വസ്ഥതകളുണ്ട്.

ഠാക്കൂർ പ്രാമുഖ്യം ബ്രാഹ്മണ സമുദായത്തിലുണ്ടാക്കിയ അതൃപ്തിയും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നു.ഗുജറാത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ആർ.പാട്ടീലും മുഖ്യമന്ത്രി വിജയ് രൂപാണിയും തമ്മിലുള്ള തർക്കവും രൂക്ഷമായി.

ത്രിപുര ബിജെപിയിൽ പ്രതിസന്ധിയുണ്ടാക്കി മമതാ ബാനർജി രംഗത്തെത്തിയിരുന്നു . ത്രിപുരയിലെ വിമത നേതാക്കളെ ലക്ഷ്യമിട്ടാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനം. ബിജെപിയിൽ നിന്ന് തിരിച്ചെത്തിയ മുകുൾ റോയിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
അപകടം തിരിച്ചറിഞ്ഞ ബിജെപിയുടെ മുതിർന്ന നേതാക്കൾ ത്രിപുരയിലെത്തി എംഎൽഎമാരുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

അതേ സമയം കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല.കർണാടകയിൽ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജെപി നേതാക്കളും മന്ത്രിമാരടക്കമുളളവരും ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകൻ വിജയേന്ദ്ര ഭരണത്തിലും പാർട്ടിയിലും കൈ കടത്തുന്നതിനെതിരെ രൂക്ഷ വിമശനമാണ് നേതാക്കൾ ഉന്നയിച്ചിട്ടുള്ളത്.

മുൻമുഖ്യമന്ത്രി വസുന്ധര രാജെയും ദേശീയ നേതൃത്വവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണു രാജസ്ഥാനിലെ മുഖ്യവിഷയം.സഖ്യകക്ഷികൾ നിലപാടുകൾ കടുപ്പിച്ചതോടെ ബീഹാറിലും പുതുചേരിയിലും ബിജെപി പ്രതിസന്ധിയിലായി. ബിഹാറിൽ നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിലുള്ള പോര് ശക്തമായപ്പോൾ പുതുച്ചേരിയിൽ രംഗസ്വാമിയുടെ കടുംപിടിത്തം ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News