ഫാദേർസ് ഡേ: അച്ഛന്മാരോടൊപ്പമുള്ള ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരങ്ങള്‍

അച്ഛന്മാരെ ഓര്‍ക്കാനായി ഒരു ദിനം. ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്ന് ഫാദേഴ്‌സ് ഡേ ആയി ലോകം ആഘോഷിക്കുകയാണ്. ജീവിതത്തില്‍ കരുത്തും തലോടലും കരുതലുമായി ഒപ്പം നിന്ന അച്ഛന്മാരെ ഓര്‍ക്കുന്ന ദിവസം. സോഷ്യല്‍മീഡിയയിലുള്‍പ്പെടെ നിരവധി പേര്‍ അച്ഛന്മാരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഫാദേഴ്‌സ് ഡേ ആശംസകള്‍ അറിയിക്കുന്നുണ്ട്. നിരവധി സിനിമാതാരങ്ങളും തങ്ങളുടെ അച്ഛന്മാരോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കുറിപ്പുകളുമായി എത്തിയിട്ടുണ്ട്.
കണ്ണുനീര്‍ തുടച്ചു തലോടിയ കരുതല്‍
ചേര്‍ത്തു പിടിക്കുന്ന ഈ കയ്യുകളോളം കരുത്ത് മറ്റൊന്നിനുമില്ല ഈ ഭൂമിയില്‍. ഇങ്ങനെ മുഖമണച്ചു കിടക്കുമ്പോള്‍ കിട്ടുന്നതിനപ്പുറം ആത്മവിശ്വാസം പകരാന്‍ മറ്റൊന്നിനും ആവില്ല. ഈ ചിരിയില്‍ ഉദിച്ചു നില്‍ക്കുന്നതിലും വലുതല്ല ഒരു സൂര്യനും. ഇത്രയും കണ്ണുനീര്‍ തുടച്ചു തലോടിയ കരുതല്‍ വേറെയൊന്നില്ല. ഈ അഹങ്കാരത്തിനോളം പന്തലിച്ച മറ്റൊരു തണല്‍ എന്റെ തലയ്ക്കു മീതെയില്ല. ഈ പാദം തൊട്ടു നിറുകില്‍ ചേര്‍ക്കാത്ത ഒരു ദിനം പോലുമില്ല ഓര്‍മ്മ വച്ച നാള്‍മുതല്‍. അച്ഛനും അമ്മയും എനിക്ക് രണ്ടല്ല. എല്ലാ ദിവസങ്ങളും അവര്‍ക്കാണ്, അവരുടേതാണ്. എന്റെ ഭൂമിയും ജലവും പ്രാണവായുവും ആകാശവും, അച്ഛന്‍, അമ്മ, ഹാപ്പി ഫാദേഴ്‌സ് ഡേ കിച്ചൂട്ടി, നടി ആശ ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

വഴികാട്ടിയും സഹയാത്രികനും
ഹാപ്പി ഫാദേഴ്‌സ് ഡേ അച്ഛാ, എന്റെ ലോകം, വഴികാട്ടി, സഹയാത്രികന്‍, ഏറ്റവും സ്‌നേഹമുള്ളയാള്‍, ജന്റില്‍മാന്‍, ഒത്തിരി നന്മകളുള്ളയാള്‍, അമ്മയുടെ എല്ലാം, താങ്കളെപ്പോലൊരു അച്ഛന്‍ അപൂര്‍വ്വമാണ്. അച്ഛന്റെ മകളായതില്‍ ഞാനേറെ സന്തോഷിക്കുകയാണ്, നടി നമിത അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.

ഫാദേർസ് ഡേ ആശംസകളുമായി ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.

ഏറ്റവും സ്വാധീനിച്ചയാള്‍
പപ്പാ, ഫാദേഴ്‌ഡേയുടെ ആശംസകള്‍ നേരുന്നു. സ്‌നേഹത്തിന് , സംരക്ഷണത്തിന്, ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതിന് നന്ദിയെന്നാണ് നടി നാദിയമൊയ്തു അച്ഛനോടൊപ്പമുള്ള ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അച്ഛനോടൊപ്പം മോഹന്‍ലാല്‍
അച്ഛനോടൊപ്പമുള്ള ലാല്‍ ചിത്രങ്ങള്‍ അപൂര്‍വ്വമായെ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ അച്ഛനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഹാപ്പി ഫാദേഴ്‌സ് ഡേ ആശംസകള്‍ ഇന്‍സ്റ്റഗ്രാമില്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

അങ്ങയുടെ സ്‌നേഹവും കരുതലും
ജീവിതത്തില്‍ ഏറ്റവും നല്ലത് മാത്രം നല്‍കിയൊരാള്‍. അങ്ങയുടെ സമയവും സ്‌നേഹവും കരുതലും,എനിക്ക് അച്ഛനെ ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണ്, ഇനിയും നമുക്ക് കുറെ സെല്‍ഫികളെടുക്കണം, ഹാപ്പി ഫാദേഴ്‌സ് ഡേ എന്നാണ് നടി മാളവിക സി മേനോന്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്.

ഫാദേഴ്സ് ഡേയില്‍ നടന്‍ തിലകനെ അനുസ്മരിച്ച് മകന്‍ ഷമ്മി തിലകനും എത്തി,
ഈ പിതൃദിനത്തില്‍ എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത് എന്നു പറഞ്ഞുകൊണ്ടാണ് ഷമ്മി തിലകന്റെ മകനെ തിലകന്‍ എടുത്തുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയ താരം നരേനും എത്തിയിരുന്നു


 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here