ഇന്ന് അന്താരാഷ്ട്ര യോഗദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു.ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂൺ 21-ന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

2014 ഡിസംബർ 11-ന് ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗ ആചരിക്കാൻ പ്രഖ്യാപനം നടന്നത്. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2014 സെപ്റ്റംബർ 27 ന് നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.

2015 ജൂൺ 21-ന് ആദ്യ യോഗദിനം ആചരിച്ചു. വിവിധ രാജ്യങ്ങളിൽ യോഗദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദിനാചരണം.

ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം).പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗയ്‌ക്ക് പ്രത്യേക കഴിവുണ്ട് . ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യ പരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോല ഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിയ്ക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ ആഘോഷ പരിപാടികൾ. സംസ്ഥാന സർക്കാരുകളും സംഘടനകളും ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here