യൂറോ കപ്പ്: എ ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി പ്രീ ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോളിൽ എ ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി പ്രീ ക്വാർട്ടറിൽ കടന്നു. ഇറ്റലിയോട് തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയിൽസും അവസാന 16 ടീമുകളിലിടം നേടി.

തുടർച്ചയായ 30-ാം മത്സരത്തിലും അജയ്യരായ മാഞ്ചീനിയുടെ അസൂറിപ്പട ഇപ്പോൾ അത്യപൂർവ്വ റെക്കോർഡിനൊപ്പമാണ്. 9 പതിറ്റാണ്ട് മുമ്പ് വിക്റ്റോറിയോ പോസോയുടെ കീഴിൽ ഇറ്റലി ടീം കുറിച്ച റെക്കോർഡ് മറികടക്കാൻ മാഞ്ചീനിയുടെ സെൻസേഷൻ സംഘത്തിന് വേണ്ടത് പ്രീ ക്വാർട്ടറിലെ വിജയം മാത്രം.8 മാറ്റങ്ങളുമായി ഇറങ്ങിയിട്ടും റോമിലെ ഒളിമ്പിക്സ്റ്റേഡിയത്തിൽ ആതിഥേയ ടീം പുറത്തെടുത്തത് ഒന്നാന്തരം പ്രകടനമാണ്.

ബൊനൂച്ചി കപ്പിത്താനായ അസൂറിപ്പടയ്‌ക്കായിരുന്നു വെയിൽസിനെതിരെ ആധിപത്യം. ജോർഗീഞ്ഞോ – വെറാറ്റി – പെസിനോ ത്രയം മധ്യനിരയിൽ കളി മെനഞ്ഞപ്പോൾ ബലോട്ടിക്കും കിയേസക്കും ബെർനാദേശിക്കും ഗോളവസരങ്ങൾ തുറന്നു കിട്ടി. 39-ാം മിനുട്ടിൽ വെറാറ്റിയുടെ ഫ്രീ കിക്ക് ഗോളിലേക്ക് തിരിച്ചു വിട്ട് പെസിനി ഇറ്റലിയെ മുന്നിലെത്തിച്ചു.

ഗോൾ മടക്കാനുള്ള വെയിൽസിന്റെ പ്രത്യാക്രമണത്തിന് ഇറ്റലി പ്രതിരോധം തടയിട്ടു. 55-ാം മിനുട്ടിൽ ബെർനാദേശിയെ ഫൗൾ ചെയ്തതിന് എതൻ അമ്പാട്ടിന് റെഡ്കാർഡ്.പത്ത് പേരായി വെയിൽസ് ചുരുങ്ങിയതോടെ പ്രതിരോധത്തിലായി ടീമിന്റെ ശ്രദ്ധ.

സ്വന്തം സ്‌റ്റേഡിയത്തിൽ ഒറ്റ ഗോൾ വിജയത്തോടെ എ ഗ്രൂപ്പിലെ നമ്പർ വണ്ണായി അസൂറികൾ പ്രീ ക്വാർട്ടറിലേക്ക് .തോറ്റെങ്കിലും കണക്കിലെ കളികളുടെ ആനുകൂല്യത്തിൽ രണ്ടാം സ്ഥാനക്കാരായി വെയിൽസും പ്രീ ക്വാർട്ടറിൽ.എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിയെ സ്വിറ്റ്സർലണ്ട് 3-1ന് തകർത്തു. ആറാം മിനുട്ടിൽ സഫറോസിക്കിലൂടെ ഗോൾവേട്ടക്ക് തുടക്കമിട്ട സ്വിസ് ടീം 26ആം മിനുട്ടിൽ ഷെർദാൻ ഷാക്കീരിയുടെ ഗോളിലൂടെ ലീഡ് ഉയർത്തി.

രണ്ടാം പകുതിയുടെ 17-ാം മിനുട്ടിൽ കാവെക്കിയുടെ ഗോളിലൂടെ തുർക്കി ലീഡ് കുറച്ചു. ആറ് മിനുട്ടിന് ശേഷം ഷാക്കീരിയുടെ രണ്ടാം ഗോൾ.ആക്രമണ പ്രത്യാക്രമണങ്ങളുമായി ടീമുകൾ അവസാന മിനുട്ട് വരെ കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ അകന്നു നിന്നു. വിജയത്തോടെ 3 മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി എ ഗ്രൂപ്പിൽ വെയിൽസിന് പിന്നിൽ സ്വിറ്റ്സർലണ്ടിന് മൂന്നാം സ്ഥാനം. മികച്ച മൂന്നാം സ്ഥാനക്കാർക്കായുള്ള പ്രീ ക്വാർട്ടർ ബർത്തിനായി ഇനി സ്വിസ് ടീമിന് കാത്തിരിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News