ഇന്ന് ലോക സംഗീത ദിനം: സംഗീതത്തിന്റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ദിനം

ജൂൺ 21 ലോക സംഗീത ദിനം. മഴയുടെ നേർമ്മ പോലെ സംഗീതത്തിന്റെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത പ്രതിഭകൾക്കുള്ള പ്രണാമമായി ഈ ദിനം മാറുകയാണ്. സംഗീതത്തിന്റെ പാലാഴി തീർക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്റെ ശുദ്ധി വിളംബരം കൂടിയാണ്.

സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നൽകാൻ, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, സംഗീതത്തിന്റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും. സംഗീതം ആഗോള ഭാഷയാണ്.

എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. വേദനകളെ സംഗീതത്തിന്റെ മാസ്മര ലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂർവ്വികരായ എല്ലാ സംഗീതജ്ഞർക്കും ഈ ദിനത്തിൽ പ്രണാമമർപ്പിക്കാം.

മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപെടുത്തുകയാണ് ഈ ദിനം.1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്.

1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി . ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.

സംഗീതത്തിന്റെ അമൃത ധാര പൊഴിച്ചുകൊണ്ട് ഈ വർഷത്തെ ലോക സംഗീത ദിനവും കടന്നുപോകും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ സംഗീത പരിപാടികളില്ല. ആഘോഷ പരിപാടികൾ എല്ലാം ഓൺലെനിലൂടെ മാത്രം.മനസ്സിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ പെയ്തുകൊണ്ടേയിരിക്കും. കെട്ട കാലത്തിന്റെ നീറ്റലകറ്റാൻ എന്നും നിറയെ പെയ്യട്ടെ സംഗീത മഴ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News