കോപ്പ അമേരിക്ക: കൊളംബിയക്കെതിരെ പെറുവിന് ജയം, വെനസ്വേല – ഇക്വഡോർ മത്സരം സമനിലയിൽ

കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയക്കെതിരെ പെറുവിന് ജയം.വെനസ്വേല – ഇക്വഡോർ മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു.

കൊളംബിയക്കെതിരെ പെറുവിന്റെ പോരാട്ട വീര്യം വിജയം കണ്ടു. കളിയിൽ കൊളംബിയ മിന്നിക്കളിച്ചിട്ടും തളരാതെ പൊരുതിയായിരുന്നു കോപ്പയിൽ പെറുവിന്റെ ആദ്യ വിജയം.17-ാം മിനുട്ടിൽ ഒസ്പിനയെ നിസ്സഹായനാക്കി സെർജിയോ പെനയുടെ ഗോൾ. കൊളംബിയയെ ഞെട്ടിച്ച് പെറു മുന്നിൽ.

ഗോൾ വീണതോടെ തുടരെ പെറു ഗോൾമുഖത്ത് കൊളംബിയയുടെ ആക്രമണം.ഗോളവസരങ്ങൾക്ക് പെറു പ്രതിരോധവും ഗോളിയും തടയിട്ടു. 51-ാം മിനുട്ടിൽ ബോർജയുടെ പെനാൽറ്റി ഗോളിലൂടെ കൊളംബിയ ഒപ്പമെത്തി.ലീഡിനായി പെറു ഗോൾ മുഖത്ത് കൊളംബിയൻ മധ്യ നിരയുടെ ചടുല നീക്കങ്ങൾ.

64-ാം മിനുട്ടിൽ ക്യുയേവ എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ മിനയുടെ സെൽഫ് ഗോളിൽ പെറു വീണ്ടും മുന്നിൽ.സമനില ഗോളിനായുള്ള കൊളംബിയൻ ആക്രമണങ്ങൾക്ക് പ്രതിരോധവും ഗോളിയും തടയിട്ടതോടെ പെറുവിന് ആവേശകരമായ വിജയം സ്വന്തം.

ഗ്രൂപ്പിലെ ഇക്വഡോർ -വെനസ്വേല മത്സരം 2 – 2 ന് സമനിലയിൽ അവസാനിച്ചു. ഇക്വഡോർ കളം നിറഞ്ഞു കളിച്ചിട്ടും കിട്ടിയ അവസരങ്ങൾ മുതലാക്കി വെനസ്വേല സമനില പിടിച്ചെടുത്തു. 39-ാം മിനുട്ടിൽ മിഡ്ഫീൽഡർ പ്രെസിയാഡോവിലൂടെ ഇക്വഡോർ ലീസെടുത്തു.

51-ാം മിനുട്ടിൽ എഡ്സൺ കാസ്റ്റില്ലയുടെ ഗോളിൽ വെനസ്വേല ഒപ്പമെത്തി.കെയ്സാഡോയും മെനയും എന്നർ വലൻസിയയും മികച്ച മുന്നേറ്റങ്ങളുമായി വെനസ്വേല ഗോൾ മുഖം വിറപ്പിച്ചെങ്കിലും പ്രതിരോധവും ഗോൾകീപ്പറും രക്ഷക്കെത്തി.

71-ാം മിനുട്ടിൽ പകരക്കാരൻ ഗോൺസാലോ പ്ലാറ്റോയുടെ ഗോളിൽ ഇക്വഡോർ വീണ്ടും ലീഡെടുത്തു.സമനില ഗോളിനായുള്ള വെനസ്വേലയുടെ പ്രത്യാക്രമണങ്ങൾ കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ ലക്ഷ്യം കണ്ടു.

പകരക്കാരൻ റൊണാൾഡ് ഹെർണാണ്ടസായിരുന്നു സ്കോറർ. കോപ്പയിൽ വെനസ്വേലക്ക് തുടർച്ചയായ രണ്ടാം സമനില.ഗ്രൂപ്പ് എയിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും കൊളംബിയ രണ്ടാം സ്ഥാനത്തും ആണ്. 3 മത്സരങ്ങളിൽ നിന്നും 3 പോയിന്റുള്ള പെറു മൂന്നാം സ്ഥാനത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel