അഴുക്കു പുരണ്ട വസ്ത്രവുമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ബുദ്ധിമുട്ടിയ യുവാവിന് ഉടുത്തിരുന്ന മുണ്ടും ഷര്‍ട്ടും ഊരി നല്‍കി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാവുകയാണ്. ‘മാനവികതയുടെ സൗന്ദര്യം ഇത്രമേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….?’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു ഫേസ്ബുക്കില്‍ എഴുതിയത്.

തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി പി ഐ എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ വാളാട് മേഖല പ്രസിഡന്റുമായ അര്‍ജുന്‍ വെണ്‍മണി എന്ന യുവാവാണ് പൊള്ളലേറ്റ യുവതി മിനിയുടെ ഭര്‍ത്താവ് ഗോപിക്ക് താന്‍ ഉടുത്ത മുണ്ടും ടീ ഷര്‍ട്ടും ഊരി നല്‍കിയത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലന്‍സിലും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍, കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയതുമായിരുന്നില്ല, പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ലായിരുന്നു. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയതിനാല്‍ കടകളും തുറന്നിരുന്നില്ല.

ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പൊലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, അര്‍ജുന്‍ താനിട്ടിരുന്ന വസ്ത്രം ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു. സംഭവം നടക്കുന്നതിനിടയില്‍ അര്‍ജുന്‍ അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് അര്‍ജുനെ അഭിനന്ദിച്ച് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

മാനവികതയുടെ സൗന്ദര്യം ഇത്ര മേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….? എന്ന എം എല്‍ എയുടെ ചോദ്യം സോഷ്യല്‍ മീഡിയയും ആവര്‍ത്തിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News