ഫയല്‍ നീക്കത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയല്‍ നീക്കത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ തട്ടിക്കളിക്കുന്നത് ഒഴിവാക്കും. ഇഷ്ടക്കാര്‍ക്ക് വേണ്ടി പ്രമോഷന്‍ നീട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സ്ഥലംമാറ്റ, സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ കര്‍ക്കശമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആളില്ലെന്ന കാരണത്താല്‍ ജനസേവനം മുടങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഫയല്‍ നീക്കത്തിലെ നൂലാമാലകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുന്ന രീതി ഇപ്പോഴുമുണ്ട്. ഫയല്‍ നീക്കത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഫയല്‍ തട്ടിക്കളിക്കുന്ന ശൈലി ഒഴിവാക്കും. ഒരു ഫയലില്‍ രണ്ടോ മൂന്നോ തട്ട് മതി. ഇഷ്ടക്കാര്‍ക്ക് വേണ്ടി പ്രമോഷനും മറ്റും നീട്ടിക്കൊണ്ടുപോകുന്നുണ്ട്. ചില ഓഫീസുകളില്‍ ഇത് നടക്കുന്നുണ്ട്. സൗകര്യപ്രദമായ ഓഫീസുകള്‍ ചിലര്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന നില മാറണം.

ഫയല്‍ തീര്‍പ്പാക്കുന്നതിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സിവില്‍ സര്‍വീസിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് വേണ്ടി കര്‍മനിരതരാണെന്ന ചിന്തയുണ്ടാക്കണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ഉദ്യോഗസ്ഥര്‍ സുഖസൗകര്യങ്ങളില്‍ മാത്രം കഴിയുന്നവരാണെന്ന ചിന്ത പൊതുജനങ്ങളില്‍നിന്ന് മാറ്റണം.

ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ തുടരും. അഴിമതിയടക്കം ഇല്ലാതാക്കുകയായിരിന്നു ലക്ഷ്യം. എന്നാല്‍, ചെറിയ ന്യൂനപക്ഷം സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുകയാണ്. എന്തുവന്നാലും മാറില്ലെന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ട് അനര്‍ഹര്‍ക്കു നല്‍കുന്നതിനു ചിലര്‍ മൂകസാക്ഷിയായി നില്‍ക്കുന്നു. ഇതും അഴിമതിയുടെ ഗണത്തില്‍പെടും. സര്‍ക്കാര്‍ സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം.

ജീവനക്കാര്‍ക്കും പൊതുജനത്തിനുമിടയില്‍ ഏജന്റുമാര്‍ വേണ്ട. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സൗഹാര്‍ദ സമീപനം ഉണ്ടാകണം. ഓഫീസില്‍ എത്തുന്നവരോട് മാന്യമായി പെരുമാറണം. പലവിധ കാര്യങ്ങള്‍ക്കായി നിവേദനം നല്‍കുമ്പോള്‍ യഥാസമയം മറുപടി നല്‍കണം. കാര്യകാരണങ്ങള്‍ സഹിതം മറുപടി നല്‍കണം. ഇതിനായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ജീവനക്കാര്‍ ജോലി സമയത്ത് സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കാന്‍ പഞ്ചിങ് സംവിധാനം കര്‍ക്കശമാക്കും. പഞ്ച് ചെയ്ത ശേഷവും ജീവനക്കാര്‍ സ്ഥലത്തുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണം-പിണറായി വിജയന്‍ അറിയിച്ചു.

അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റങ്ങള്‍ കേരളത്തിന്റെ മുന്നേറ്റത്തെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം സമാനതകളില്ലാത്തതായിരുന്നു. നിരവധി ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സമയമായിരിന്നു. അതിന്റെ ഒന്നും മുന്നില്‍ കേരളം തളര്‍ന്നില്ല. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുകയാണ് ലക്ഷ്യം. 25 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News