‘ആ പെണ്‍കുട്ടിയുടെ മരണത്തിന് വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്’: ദീപ നിഷാന്ത്

കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്.

വാര്‍ത്തകളില്‍ വരുന്നത് സത്യമാണെങ്കില്‍ വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. സ്വന്തം കണ്‍മുമ്പില്‍ മകള്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും, അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്തുകുന്തത്തിനാണെന്നും അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.

സ്വന്തമായി വരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കാന്‍ അതിനോടു പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍കുട്ടി മരിക്കില്ലായിരുന്നുവല്ലോ. ആ സ്ത്രീധനം കൊടുത്ത തുകയുടെ പകുതി മതിയല്ലോ അതിനൊരു വീടോ ഫ്ളാറ്റോ വാങ്ങിക്കൊടുത്ത് അവിടെ തനിച്ചായാലും ജീവിച്ചോളാന്‍ പറയാമായിരുന്നില്ലേയെന്നും ദീപ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു പെണ്‍കുട്ടി കൂടി ജീവിതമവസാനിപ്പിച്ച് കടന്നു പോയിട്ടുണ്ട്. ആത്മഹത്യ ചെയ്ത വിസ്മയക്ക് ഭര്‍ത്താവായ കിരണില്‍ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനമാണെന്ന് വാര്‍ത്തകള്‍ പറയുന്നു. അതേപ്പറ്റിയുള്ള വാര്‍ത്തകളിതാണ്.
‘നൂറ് പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ കാറ് ഭര്‍ത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭര്‍ത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകള്‍ തന്നോട് പറഞ്ഞെന്നും, എന്നാല്‍ സി സിയിട്ട് വാങ്ങിയ കാറാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും മകളോട് താന്‍ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.
സി സി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരില്‍ രാത്രി 1 മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നു. വണ്ടി വീട്ടില്‍ കൊണ്ടിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു.

അതോടെ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുറേനാള്‍ സ്വന്തം വീട്ടില്‍ നിന്നതിനു ശേഷം വീണ്ടും ഭര്‍തൃഗൃഹത്തില്‍ വിസ്മയ തിരിച്ചെത്തി. പീഡനങ്ങള്‍ തുടര്‍ന്നു. അതേപ്പറ്റി വിസ്മയ ബന്ധുക്കള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറഞ്ഞ് മര്‍ദ്ദിച്ചതിന്റെ ചിത്രമടക്കം അയച്ചുകൊടുത്തിട്ടുമുണ്ട്.’

ഇത്രയും കാര്യങ്ങള്‍ സത്യമാണെങ്കില്‍ ആ പെണ്‍കുട്ടിയുടെ മരണത്തിന് വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്വന്തം കണ്‍മുമ്പില്‍ മകള്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്ത് കുന്തത്തിനാണ്?

ആ സ്ത്രീധനം കൊടുത്ത തുകയുടെ പകുതി മതിയല്ലോ അതിനൊരു വീടോ ഫ്ളാറ്റോ വാങ്ങിക്കൊടുത്ത് അവിടെ തനിച്ചായാലും ജീവിച്ചോളാന്‍ പറയാന്‍.

സ്വന്തമായി വരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കാന്‍ അതിനോടു പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍കുട്ടി മരിക്കില്ലായിരുന്നുവല്ലോ…
നമ്മുടെ സാമൂഹികഭീതി (social fear ) അതിഭീകരമാണ്. തന്റെ പ്രണയം പരാജയപ്പെട്ടെന്ന് പറയാന്‍, തന്റെ വിവാഹമൊരു പരാജയമാണെന്ന് സമ്മതിക്കാന്‍. താന്‍ മകള്‍ക്കായി ‘നേടിക്കൊടുത്ത’ ഭര്‍ത്താവ് ഒരു പരാജയമാണെന്ന് ബന്ധുക്കള്‍ക്കു മുന്നില്‍ സമ്മതിക്കാന്‍. ഒന്നും ഒന്നും നമ്മള്‍ തയ്യാറാവില്ല.. സാമൂഹികഭീതി മൂലം നമ്മള്‍ നിശ്ശബ്ദരാകും. അതുകൊണ്ടൊക്കെത്തന്നെയാണ് ഇതൊക്കെ വീണ്ടും വീണ്ടും നടക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News