സ്ത്രീധനമായി നല്‍കിയത് 100 പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; വിസ്മയയെ ഉപദ്രവിച്ചത് കാര്‍ ഇഷ്ടപ്പെടാഞ്ഞതിനാല്‍

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് പല തവണ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.

കിരണിന്റെ മര്‍ദനത്തില്‍ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്സ്ആപ്പ് ചാറ്റിലും മര്‍ദ്ദനത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സി സിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമൊത്ത് വീട്ടില്‍ വന്നിരുന്നുവെന്നും കാറ് വീട്ടില്‍ ഇട്ട് മകളെ അവിടെ വെച്ചുതന്നെ അടിച്ചുവെന്നും പിതാവിന്റെ വാക്കുകള്‍. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെ എസ്.ഐയെയും കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സി.ഐ. പറഞ്ഞതനുസരിച്ച് എഴുതി ഒപ്പിട്ട ശേഷമാണ് കിരണിനെ വിട്ടയച്ചത്. പിന്നീട് പരീക്ഷയെ തുടര്‍ന്ന് വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അക്രമണങ്ങള്‍ ഉണ്ടായത്. കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

2020 മെയ് മാസത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനി വിസ്മയയും തമ്മിലുളള വിവാഹം. വിസ്മയയ്ക്ക് സ്ത്രീധനമായി ഒരേക്കര്‍ സ്ഥലവും, 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവുമാണ് കുടുംബം നല്‍കിയത്. എന്നാല്‍ വാഹനത്തിന് പകരം പണം മതി എന്നായിരുന്നു കിരണിന്റെ ആവശ്യം. മദ്യപിക്കുന്ന കിരണ്‍ ഇക്കാര്യം പറഞ്ഞു പലതവണ വിസ്മയയെ മര്‍ദ്ദിച്ചിരുന്നു. ഭര്‍ത്തൃഗൃഹത്തില്‍ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായതോടെ വിസ്മയ സ്വന്തം വീട്ടിലേക്ക് താമസം മാറി. എന്നാല്‍ പിന്നീട് ബി എ എം എസിന് പഠിക്കുകയായിരുന്നു വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ വീണ്ടും തയ്യാറായി കിരണിനൊപ്പം പോയി. എന്നാല്‍ പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി.

ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ മരിച്ച വാര്‍ത്ത ബന്ധുക്കള്‍ അറിയുന്നത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചു എന്നാണ് അറിയിച്ചത്. എന്നാല്‍ മൃതദേഹം കിരണും കുടുംബവും ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു എന്ന് വിസ്മയയുടെ കുടുംബം ആരോപിക്കുന്നു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഭൗതികശരീരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ നിലവില്‍ ഒളിവിലാണ്.

സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ് പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News