ADVERTISEMENT
ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടേയും ലളിതഗാനങ്ങളുടേയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.
ശരറാന്തല്‍ തിരിതാണു, ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച, ഏതോ ജന്മകല്‍പ്പനയില്‍, അനുരാഗിണി തുടങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന നിരവധി മനോഹര ഗാനങ്ങളുടെ രചയിതാവിന്റെ നിര്യാണം മലയാള സിനിമാഗാന രംഗത്തിനും കവിതയ്ക്കും തീരാനഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്‌കാരം ഇന്നു പൂവച്ചല്‍ ജുമാ മസ്ജിദില്‍ നടക്കും.
മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.
മൗനമേ നിറയും മൗനമേ (തകര), സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), ‘മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു’ (കാറ്റുവിതച്ചവന്‍), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍), ‘ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍’ (കായലും കയറും), നീയെന്റെ പ്രാര്‍ഥനകേട്ടു (കാറ്റു വിതച്ചവന്‍), കിളിയേ കിളിയേ (ആ രാത്രി), പൂമാനമേ ഒരു രാഗമേഘം താ (നിറക്കൂട്ട്), കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ (താളവട്ടം), മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങിയവയാണ് പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലത്. ഭാര്യ: ആമിന. മക്കള്‍: തുഷാര, പ്രസൂന
Get real time update about this post categories directly on your device, subscribe now.