യൂറോ കപ്പ്; നെതർലണ്ട്സിന് പിന്നാലെ ബെൽജിയം, ഡെന്മാർക്ക്, ഓസ്ട്രിയ ടീമുകൾ കൂടി പ്രീ ക്വാർട്ടറിൽ കടന്നു

യൂറോ കപ്പ് ഫുട്ബോളിൽ  നെതർലണ്ട്സിന് പിന്നാലെ ബെൽജിയം, ഡെന്മാർക്ക്, ഓസ്ട്രിയ ടീമുകൾ കൂടി പ്രീ ക്വാർട്ടറിൽ കടന്നു. ബെൽജിയം ഫിൻലണ്ടിനെയും ഡെന്മാർക്ക് റഷ്യയെയും തോൽപ്പിച്ചു. ഉക്രെയ്നെ പരാജയപ്പെടുത്തി ഓസ്ട്രിയയും സിഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിലെത്തി.

എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ വടക്കൻമാസിഡോണിയയുടെ വലയിൽ നിറച്ചായിരുന്നു വിനാൾഡത്തിന്റെയും സംഘത്തിന്റെയും  ഹാട്രിക്ക് വിജയ ആഘോഷം: മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ നെതർലണ്ട്സ്, സൂപ്പർ താരം മെംഫിസ് ഡീപ്പെയിലൂടെ ഗോൾവേട്ടക്ക് തുടക്കമിട്ടു.

രണ്ടാം പകുതിയിൽ  നെതർലണ്ട്സ് നായകൻ വിനാൾഡത്തിന്റെ ഇരട്ട ഗോൾ കൂടിയായതോടെ വടക്കൻമാസിഡോണിയയുടെ പതനം പൂർണം; ഇതോടെ ടൂർണമെൻറിലെ ആകെ ഗോൾ നേട്ടം വിനാൾഡം മൂന്നാക്കി ഉയർത്തി.

തുടർച്ചയായ മൂന്നാം ജയത്തോടെ 9 പോയിന്റുമായി നെതർലണ്ട്സ് സി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ; മറ്റൊരു മത്സരത്തിൽ ക്രിസ്റ്റഫ് ബൊംഗാട്ട്ണറുടെ ഗോളിൽ ഉക്രെയ്നെ മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി  ഓസ്ട്രിയയും പ്രീ ക്വാർട്ടറിലെത്തി.

ബി ഗ്രൂപ്പിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൽജിയം ഫിൻലണ്ടിനെ തകർത്തു. കളിയിലുടനീളം ആധിപത്യം തുടർന്ന ബെൽജിയത്തിന്റെ സൂപ്പർ താര നിര ഫിൻലണ്ട് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. രണ്ടാം പകുതിയിൽ ഫിൻലണ്ട് ഗോളി ഹ്റാദെക്കിയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ റെഡ് ഡെവിൾസ് 81 ആം മിനുട്ടിൽ നായകൻ റൊമേലു ലുക്കാക്കുവിന്റെ ഗോളിലൂടെ വിജയം ഉറപ്പിച്ചു.

ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റഷ്യയെ നിലംപരിശാക്കി ഡെന്മാർക്ക് പ്രീ ക്വാർട്ടറിൽ കടന്നു. 3 മത്സരങ്ങളിൽ നിന്നും 3 പോയിൻറുള്ള ക്രിസ്റ്റ്യൻ എറിക്സണിന്റെ ഡെന്മാർക്ക് ഫിൻലണ്ടിനെയും റഷ്യയെയും പിന്നിലാക്കിയാണ് അവസാന 16 ൽ ഇടം പിടിച്ചത്. ഡാംസ്ഗാർഡിന്റെ ഗോളിൽ ആദ്യ പകുതിയിൽ ലീഡെടുത്ത ഡെന്മാർക്ക് മിന്നും പ്രകടനങ്ങളിലൂടെ രണ്ടാം പകുതിയിൽ റഷ്യയെ നിലംപരിശാക്കി.

പോൾസൻ, ക്രിസ്റ്റൻസൻ, മേഹിൾ എന്നിവർ ഡാനിഷ് ടീമിനായി വല കുലുക്കിയപ്പോൾ  റഷ്യയുടെ ആശ്വാസ ഗോൾ നായകൻ സ്വൂബയുടെ വകയായിരുന്നു. തോൽവിയോടെ റഷ്യ ടൂർണമെൻറിൽ നിന്നും പുറത്തായി.ബി ഗ്രൂപ്പിലെയും സി ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാരായ ഫിൻലണ്ടിന്റെയും ഉക്രെയ്ന്റയും പ്രതീക്ഷ ഇനി മികച്ച മൂന്നാം സ്ഥാനക്കാർക്കുള്ള പ്രീ ക്വാർട്ടർ ബർത്തുകളിലാണ്. ഈ മാസം 26 ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന് വെയിൽസാണ് എതിരാളി.മറ്റൊരു പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയ്ക്ക് എതിരാളി അജയ്യരായ ഇറ്റലിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News