മഹാരാഷ്ട്ര ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷം; അകലം പാലിച്ച് സഖ്യ കക്ഷികള്‍

മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ മഹാ വികാസ് അഘാഡിയില്‍ ഭിന്നത രൂക്ഷമാകുന്നു. സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയതും ശിവസേനയെ ചൊടിപ്പിച്ചിരിക്കയാണ്.

ഒറ്റക്ക് മത്സരിക്കേണ്ടവര്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗത് തിരിച്ചടിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് നീങ്ങിയാല്‍ ശിവസേനയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന നിലപാടിലാണ് എന്‍ സി പി.

ശിവസേനയില്‍ ഗ്രൂപ്പുകളില്ലെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം കാലാവധി പൂര്‍ത്തിയാക്കുമെന്നും റൗത് വ്യക്തമാക്കി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലി അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് സഖ്യ കക്ഷികളുടെ പ്രസ്താവനകള്‍.

ഇതിനിടെ കോണ്‍ഗ്രസ്സും എന്‍ സി പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു ബി ജെ പിയുമായി സഖ്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി എം.എല്‍.എ. പ്രതാപ് സര്‍നായിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയതും സംസ്ഥാന രാഷ്ട്രീയത്തില്‍ അടിയൊഴുക്ക് രൂക്ഷമാക്കി.

സര്‍നായിക്കിനെതിരേയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ററേറ്റിന്റെ (ഇ.ഡി.) അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് റൗത് ന്യായീകരിച്ചു. സര്‍നായിക്കും കുടുംബവവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അധികാരം നഷ്ടമായവര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പല വഴികളും തേടിയേക്കാമെന്നും അതൊന്നും വിലപ്പോകില്ലെന്നും റൗത് പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മഹാവികാസ് അഘാഡി സഖ്യത്തെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് സര്‍നായിക്കിന്റെ കത്തെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News