വിസ്മയയുടെ മരണം;  ഭർത്താവ് കിരണിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു 

വിസ്മയയുടെ ഭർത്താവ് കിരണിനെ കൊല്ലം റൂറൽ എസ്പി കെ.ബി.രവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. ഇന്നലെ രാത്രി തുടങ്ങിയ ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു.

ബാത്ത്റൂമിലെ ജനാലയിൽ ടവ്വലിലാണ് വിസ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നായിരുന്നു കിരണിന്‍റെ മൊഴി. മൊഴിയിൽ പറഞ്ഞ കാര്യങ്ങള്‍ ശരിയാണൊ എന്ന് പരിശോധിക്കാനാണ് എസ്.പി സംഭവം നടന്ന വീട്ടിലെത്തി വീണ്ടും പരിശോധന നടത്തിയത്. കിരണിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടൊ എന്നും പൊലീസ് പരിശോധിക്കുന്നു.

വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് പല തവണ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.

കിരണിന്റെ മര്‍ദനത്തില്‍ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലും മര്‍ദ്ദനത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News