കോപ്പ അമേരിക്ക: അര്‍ജന്റീനയും ചിലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ എ ഗ്രൂപ്പില്‍ നിന്നും അര്‍ജന്റീനയും ചിലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍. പാപ്പു ഗോമസ് നേടിയ ഗോളിന് അര്‍ജന്റീന പാരഗ്വായിയെ തോല്‍പ്പിച്ചു. ഉറുഗ്വായ് – ചിലി മത്സരം സമനിലയില്‍ പിരിഞ്ഞു.

ലയണല്‍ മെസിയെ കൂട്ടത്തോടെ പ്രതിരോധിക്കുകയെന്ന പാരഗ്വായുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല. അതിവേഗം പാരഗ്വായ് ബോക്‌സ് ലക്ഷ്യമിട്ട് മുന്നേറിയ മെസ്സി തന്നെയായിരുന്നു ആദ്യ ഗോളിന്റെ ശില്‍പി. മെസി മറിച്ചുനല്‍കിയ നല്‍കിയ പന്ത് പിടിച്ചെടുത്ത് അലസാന്ദ്രോ ഗോമസിനെ ലക്ഷ്യമാക്കി ഡി മരിയയുടെ ത്രൂപാസ്. ഗോമസ് അവസരം പാഴാക്കിയില്ല. കളിയുടെ പത്താം മിനുട്ടില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി.

നീണ്ട നാലു വര്‍ഷത്തിന് ശേഷമാണ് ഗോമസ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്യുന്നത്. ഗോള്‍ വീണതോടെ ആക്രമിച്ചു കളിച്ച പാരഗ്വായ് അര്‍ജന്റീന ഗോള്‍ മുഖത്ത് അപകടം വിതച്ചെങ്കിലും പ്രതിരോധം കോട്ട കെട്ടി. റൊമേറോയും മൊളിനയും പെസല്ലയും ടഗ്ലിയാഫിക്കോയും അണിനിരന്ന പ്രതിരോധം പുറത്തെടുത്തത് കോപ്പയിലെ തന്നെ മികച്ച പ്രകടനം.

അര്‍ജന്റീന നിരയില്‍ ഡി മരിയ – ഗോമസ് – മെസി – അഗ്യൂറോ കൂട്ടുകെട്ട് പാരഗ്വായ് പ്രതിരോധത്തെ പല തവണ പിളര്‍ത്തി. പന്തടക്കത്തില്‍ മുന്നിലെത്താന്‍ പാരഗ്വായിക്കായെങ്കിലും ഫൈനല്‍ തേര്‍ഡില്‍ ലക്ഷ്യബോധം കാട്ടാനാകാതെ പോയത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ആറു മാറ്റങ്ങളുമായാണ് അര്‍ജന്റീന പാരഗ്വായിക്കെതിരെ ഇറങ്ങിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വായെ സമനിലയില്‍ തളച്ച ചിലി അഞ്ച് പോയിന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഗോളില്‍ 26ാം മിനിറ്റില്‍ ലീഡെടുത്ത ചിലെയ്ക്ക്, 66ാം മിനിറ്റില്‍ അര്‍തുറോ വിദാല്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴു പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയുമാണ് ചിലിയുടെ സമ്പാദ്യം. പാരഗ്വായ് രണ്ടു കളികളില്‍നിന്ന് ഓരോ ജയവും തോല്‍വിയുമായി മൂന്നു പോയിന്റ് സഹിതം മൂന്നാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News