സ്വര്‍ണ്ണം കടത്താന്‍ കോണ്‍സല്‍ ജനറലും അറ്റാഷെയും കൂട്ടുനിന്നു: കസ്റ്റംസ്

166 കിലോ സ്വര്‍ണ്ണം കടത്താന്‍ കോണ്‍സല്‍ ജനറലും അറ്റാഷെയും കൂട്ടുനിന്നതായി കസ്റ്റംസ്. വ്യാജ ഒപ്പിടാന്‍ സരിത്തിന് കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയെന്നും കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍. യു എ ഇ കോണ്‍സുലേറ്റിന്റെ ലോഗോ കള്ളക്കടത്ത് സംഘത്തിന് നല്‍കിയതായും കസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യു എ ഇ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കുമുള്ള പങ്ക് എണ്ണിപ്പറഞ്ഞുകൊണ്ടാണ് കസ്റ്റംസ് ഇരുവര്‍ക്കും ഷോകോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പല തവണയായി 166 കിലോ സ്വര്‍ണ്ണമാണ് സംഘം അനധികൃതമായി കടത്തിയത്. സ്വര്‍ണ്ണക്കടത്തിന് കോണ്‍സല്‍ ജനറലും അറ്റാഷെയും കൂട്ടുനിന്നതായി കസ്റ്റംസ് വെളിപ്പെടുത്തുന്നു.

കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബി അഞ്ചുമാസത്തിനിടെ 95 കിലോ സ്വര്‍ണ്ണവും അറ്റാഷെ രണ്ടുമാസത്തിനിടെ 71 കിലോ സ്വര്‍ണ്ണവും കടത്താന്‍ കൂട്ടുനിന്നതായി കസ്റ്റംസ് ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്തിനായി സ്വന്തം പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും പകര്‍പ്പ് സരിത്തിന് നല്‍കിയിരുന്നതായും ഷോകോസ് നോട്ടീസില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളില്‍ പതിപ്പിക്കാന്‍ യു എ ഇ കോണ്‍സുലേറ്റിന്റെ ലോഗോയും കള്ളക്കടത്ത് സംഘത്തിന് കൈമാറിയിരുന്നു. വ്യാജ ഒപ്പിടാന്‍ കോണ്‍സല്‍ ജനറല്‍ സരിത്തിന് അനുമതി നല്‍കിയിരുന്നതായും കസ്റ്റംസ് നോട്ടീസില്‍ വിശദീകരിക്കുന്നു.

ഒരോ തവണ സ്വര്‍ണ്ണം കടത്തുമ്പോഴും ആയിരം യു എസ് ഡോളറാണ് കോണ്‍സുല്‍ ജനറല്‍ കൈപ്പറ്റിയിരുന്നത്. പിടിക്കപ്പെട്ടാല്‍ തന്റെ പേര് പറയരുതെന്നും യു എ ഇയില്‍ ജോലി ഉറപ്പാക്കാമെന്ന് കോണ്‍സല്‍ ജനറല്‍ വാഗ്ദാനം ചെയ്തിരുന്നതായും പ്രതികളുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്തിന് അറ്റാഷെ ആവശ്യപ്പെട്ടത് 1500 യു എസ് ഡോളറായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. വിയറ്റ്‌നാമിലെ കോണ്‍സല്‍ ജനറലായിരിക്കെ നിരോധിത മരുന്നും ലഹരി പദാര്‍ഥങ്ങളും വിയറ്റ്‌നാമിലേക്ക് കടത്തിയതിന് നടപടി നേരിട്ടയാളാണ് ജമാല്‍ ഹുസൈന്‍ അല്‍സാബിയെന്ന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പിടിക്കപ്പെട്ടതോടെ തിരിച്ചുവിളിച്ച അല്‍സാബിയെ പിന്നീട് തിരുവനന്തപുരം കോണ്‍സുലേറ്റില്‍ നിയമിക്കുകയായിരുന്നു.

ഒദ്യോഗിക പദവി ദുരുപയോഗിച്ച് ഗുരുതര കുറ്റം ചെയ്ത് പിടിയിലായ ഉദ്യോഗസ്ഥനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടും അവഗണിച്ചിട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് സംഭവിച്ച ഗുരുതര വീഴ്ച്ചയായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News