പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ?

ഗവേഷക വിദ്യാർത്ഥിയും യുവ എഴുത്തുകാരനുമായ എൻ നൗഫൽ എഴുതിയ കുറിപ്പ് വെറുതെ വായിച്ചു തള്ളാനുള്ള കുറിപ്പായല്ല കാണേണ്ടത്. ഫെയ്‌സ് ബുക്കിൽ വിസ്‌മയക്ക് വേണ്ടി വാക്കുകളുടെ തീ തുപ്പുന്നവരെ ഒരു കണ്ണാടിക്ക് മുൻപിൽ നിർത്തി അവരുടെ മുഖം കാണിച്ചു കൊടുക്കുകയാണ്.ഭർതൃ ഗൃഹത്തിൽ മരിച്ച മൂന്നു പെൺകുട്ടികൾ….എന്തിന്റെ പേരിലായാലും ഇല്ലാതായി പോയ മൂന്ന് ജീവനുകൾക്ക് ഉത്തരവാദി ആരാണ് എന്നത് ആലോചിക്കുകയും തിരിച്ചറിയുകയും വേണം എന്നാണ് നൗഫൽ എഴുതി വെക്കുന്നത്.’വിസ്മയ സ്നേഹവും ‘ സ്ത്രീധന വിരുദ്ധ സീൽക്കാരവും കഴിഞ്ഞിട്ട് നമ്മൾ എന്ത് ചെയ്യും?
“പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ എന്ന് ” തലയ്ക്ക് സുഖമില്ലാത്ത ‘ അളിയനോട് പോലും നാഴികയ്ക്ക് അറുപത് വട്ടം ചോദിക്കുന്ന തിളക്കത്തിലെ സലിം കുമാറിൻ്റെ കോമഡി കേട്ട് ആർത്ത് ചിരിക്കും.?
സ്ത്രീധനം കൊടുക്കാത്തതിൻ്റെ പേരിൽ ഭർത്താവ് വീട്ടിൽ കൊണ്ട് വന്നു ഇറക്കി വിടുന്ന ‘ബിന്ദു പണിക്കരുടെ’ കണ്ടമാനം ചേച്ചി വേഷങ്ങളുടെ ക്ലിഷേ കരച്ചിൽ കേട്ട് കുടു കുടാ ചിരിക്കും.?ഇതാണ് യഥാർത്ഥ ചോദ്യം

പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ?
***
“ഇവനൊക്കെ ഇത്രയും സ്ത്രീധനം കൊടുത്ത് മോളെ കെട്ടിച്ചു കൊടുത്ത പന്ന തന്തയെ പറഞ്ഞാൽ മതി. “

“ഇത്രയും നല്ല ഒരു പെണ്ണിനെ ഇത്രയും സ്ത്രീധനം മേടിച്ച് കെട്ടിയിട്ടും പിന്നെയും പണം പണം എന്ന് ആക്രാന്തം പിടിച്ച അവനോക്കെ ശുദ്ധ ഫ്രോഡാണ്. ആ കൊച്ചിൻ്റെ ഓമന മുഖം നോക്ക്, അവന് അവളെ എങ്ങനെ ഉപദ്രവിക്കാൻ തോന്നി?”

” ആ കൊച്ചിൻ്റെ വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കണം. സ്വന്തം മോളെ ഇങ്ങനെ ഒരുത്തന് കൊടുത്തത് പോട്ടെ. അവൻ അവളെ ഇത്രയും ഉപദ്രവിക്കുന്നു എന്നറിഞ്ഞിട്ടും അവളെ അവൻ്റെ അടുത്തോട്ട് പറഞ്ഞു വിട്ട ആ തന്തയും തള്ളയും മനുഷ്യരാണോ?”
“അവളെ പറഞ്ഞാല് മതിയല്ലോ. അവള് വിദ്യാഭ്യാസം ഉള്ളവൾ അല്ലേ. അവനെ ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഉപേക്ഷിച്ച് പോകാൻ ഉള്ളതിന്. അത്മഹത്യ ചെയ്യാതെ, അന്തസോടെ ജീവിക്കാൻ വേണമായിരുന്നു അവള് തീരുമാനിക്കാൻ.”
****

ഞാൻ അടക്കമുള്ള മലയാളികളുടെ സ്ത്രീധന വിരുദ്ധ ബോധം വാക്കുകളുടെ തീ തുപ്പുന്നത് കണ്ട് ഫേസ്ബുക്ക് രോമാഞ്ചം കൊള്ളുന്നുണ്ടാവും.
അതൊക്കെ ശരി, ഓൺലൈൻ ജീവിതം കഴിഞ്ഞിട്ട് നമ്മൾ എന്ത് ചെയ്യും. ‘വിസ്മയ സ്നേഹവും ‘ സ്ത്രീധന വിരുദ്ധ സീൽക്കാരവും കഴിഞ്ഞിട്ട് നമ്മൾ എന്ത് ചെയ്യും?
“പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ എന്ന് ” തലയ്ക്ക് സുഖമില്ലാത്ത ‘ അളിയനോട് പോലും നാഴികയ്ക്ക് അറുപത് വട്ടം ചോദിക്കുന്ന തിളക്കത്തിലെ സലിം കുമാറിൻ്റെ കോമഡി കേട്ട് ആർത്ത് ചിരിക്കും.?
സ്ത്രീധനം കൊടുക്കാത്തതിൻ്റെ പേരിൽ ഭർത്താവ് വീട്ടിൽ കൊണ്ട് വന്നു ഇറക്കി വിടുന്ന ‘ബിന്ദു പണിക്കരുടെ’ കണ്ടമാനം ചേച്ചി വേഷങ്ങളുടെ ക്ലിഷേ കരച്ചിൽ കേട്ട് കുടു കുടാ ചിരിക്കും.?
സ്ത്രീധനം പൂർണമായി കൊടുത്ത് തീർക്കാത്തതിൻ്റെ പേരിൽ വീട്ടിൽ കൊണ്ട് ചെന്നാക്കിയ ഭാര്യയെ, സ്വന്തം കഴപ്പ് മൂക്കുമ്പോൾ ഇടയ്ക്ക് രാത്രിയിൽ ചെന്ന് കണ്ട്, കൂടെ ഉറങ്ങി, പിറ്റേന്ന് രാവിലെ ഇറങ്ങി പോകുന്ന – പോകും മുന്നേ ” ബാക്കി സ്ത്രീധനം വേഗം തരാൻ അച്ഛനോട് പറ. എങ്കിൽ ഇങ്ങനെ ഒളിച്ചും പാത്തും വരണോ എനിക്ക്” എന്ന് പറയുന്ന ജഗതിയുടെ കഥാപാത്രത്തെ ചിരിയോടെ നോക്കി ഇരിക്കും.?
അല്ലാതെ എന്ത് ചെയ്യാൻ?
ഇങ്ങനെ പല ആവർത്തി ചിരിച്ച നമ്മൾ ഓരോരുത്തർക്കും ആ കൊച്ചിൻ്റെ മരണത്തിൽ പങ്കുണ്ട്.
***
40 ലക്ഷം കൊടുത്ത് കൂട്ടുകാരൻ സ്കൂളിൽ പഠിപ്പിക്കാൻ കേറി. അത്ര പൈസ ഒന്നും ഇല്ലാത്ത കുടുംബം അണ്. വീട് സഹകരണ ബാങ്കിൽ 13 ശതമാനം പലിശയ്ക്ക് ലോൺ വച്ചിട്ട് അണ് പൈസ സംഘടിപ്പിച്ച് കൊടുത്ത് ജോലിക്ക് കേറിയത്. അപ്രൂവൽ അവാനും ശമ്പളം കിട്ടി തുടങ്ങാനും കുറച്ച് കാലം പിടിക്കും.
” പലിശ കൊടുത്ത് മുടിയില്ലേ നീ, ശമ്പളം കിട്ടി തുടങ്ങിയാലും എത്ര കാലം എടുക്കും ഈ ലോൺ അടച്ചു സമാധാനം ആയി ജീവിക്കാൻ എന്ന് ആശങ്ക പെടുന്ന എന്നോട് അവൻ ചിരിക്കുന്നു.

” ഒരു ഹൈ സ്കൂൾ സാറിൻ്റെ കല്യാണ മാർക്കറ്റിലെ വാല്യു നിനക്ക് അറിയാഞ്ഞിട്ടാണ്. ഒരു കല്യാണം കൊണ്ട് തീർക്കാവുന്ന സാമ്പത്തിക പ്രാരാബ്ധങ്ങൾ മാത്രമേ എനിക്ക് ഉള്ളൂ.”
ഇപ്പഴും അവൻ്റെ പോസ്റ്റ് അപ്രുവൽ ആയിട്ടില്ല ശമ്പളം കിട്ടിയിട്ടില്ല. പക്ഷേ ലോൺ അടച്ചു തീർത്തു. വീട് രണ്ടു നില ആക്കി. കാർ മേടിച്ചു.
അവൻ്റെ കല്യാണത്തിന് സ്വർണ്ണ ഭാരം താങ്ങാൻ ഒക്കാതെ കൂനി തുടങ്ങിയ ഭാര്യയെ ഇടത്തും, എന്നെ വലത്തും ചേർത്ത് നിർത്തി അവൻ സെൽഫി എടുത്തു.
അങ്ങനെ പെണ്ണ് കെട്ടി കടം തീർത്ത സകല ആണുങ്ങൾക്കും വിസ്മയയുടെ മരണത്തിന് പങ്കുണ്ട്.
***
ആറു വയസായ കുഞ്ഞ് മോൾക്ക് കല്യാണ പ്രായം എത്തുമ്പോൾ നല്ലൊരു തുക സ്വരൂപിക്കാൻ പ്രതി മാസം പോസ്റ്റ് ഓഫീസിൽ പോയി സുകന്യ സമൃദ്ധി പദ്ധതിയിൽ പൈസ കെട്ടുന്ന അമ്മയോ അച്ഛനോ – വിസ്മയയുടെ വീട്ടുകാരെക്കാൾ ഒട്ടും മെച്ചമല്ല.
മാസം കിട്ടുന്ന ശമ്പളത്തിൻ്റെ നല്ല പങ്ക് ksfe യിൽ മോളുടെ കല്യാണം പ്ലാൻ ചെയ്ത് ഇരുപത് വർഷം മുൻപേ കെട്ടി തുടങ്ങുന്ന രക്ഷകർത്താക്കൾക്കും വിസ്മയയുടെ മരണത്തിൽ ഉത്തരവാദിത്വം ഉണ്ട്.
***
“ഞാൻ സ്ത്രീധനത്തിന് എതിരാണ്. പക്ഷേ എൻ്റെ മോൾക്ക് ഞാൻ നല്ല കൊടുത്താണ് കെട്ടിച്ചത്. അപ്പൊൾ എൻ്റെ മോന് അത്ര ഇല്ല എങ്കിലും അത്യാവശ്യം എന്തെങ്കിലും കിട്ടണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? ” എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന എല്ലാ ആണുങ്ങളുടെ അമ്മമാർക്കും വിസ്മയയുടെ ചോരയിൽ പങ്കുണ്ട്.
***
” അയ്യേ ഞാൻ സ്ത്രീധനത്തിന് എതിരാണ്. പക്ഷേ അച്ഛൻ സമ്മാനം ആയി എന്തെങ്കിലും തന്നാൽ ഞാൻ വാങ്ങും. ഞങ്ങളുടെ ലൈഫിന് വേണ്ടി അല്ലേ. അതിൽ എന്താ തെറ്റ് ? “എന്ന് ചോദിക്കുന്ന ഏതൊരു പെൺകുട്ടിയും വിസ്മയയുടെ മരണത്തിൻ്റെ കൂട്ടിരുപ്പുകാരാണ്.
**
താമസിച്ച വീട് വിറ്റ് നല്ല സ്ത്രീധനം കൊടുത്ത്, പെൺമക്കളുടെ കല്യാണം നടത്തി, ഇപ്പൊൾ വാടക വീട്ടിൽ താമസിക്കുന്ന മനുഷ്യർ ചുറ്റും ഉണ്ടായിട്ടും അക്ഷയതൃതീയ വരുമ്പോ പെൺമക്കൾക്ക് സ്വർണ്ണം സ്വരു കൂട്ടുന്ന ഏതൊരു മാതാ പിതാക്കളും അടുത്ത വീട്ടിലെ പെൺകുട്ടിയോട് കോളേജിൽ പഠിക്കാൻ പോകുന്ന കാലം തൊട്ടേ, “അയ്യോ കല്യാണം ആയില്ലേ, ജോലി പിന്നെ നോക്കാം,” എന്നൊക്കെ കുശലം പറയുന്ന അയൽക്കാരും ഡിവോഴ്‌സ് ആയി ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളോട് “മറ്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും” എന്ന് കുശലം ചോദിക്കുന്ന മനുഷ്യരും എല്ലാം എല്ലാം ഈ മരണത്തിൽ തുല്യ ഉത്തരവാദികൾ അണ്.
ഇന്നത്തെ രാത്രി ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ നമ്മൾ ഈ കൊച്ചിനെ മറന്നു പോകും.
എനിക്ക് ഉറപ്പാണ്.

എന്നിട്ട്, രാവിലെ ഉണർന്ന് എഴുന്നേറ്റ്, സുകന്യ സമൃദ്ധിക്ക് പൈസ കെട്ടാൻ ഒരു ദിവസം താമസിച്ച അങ്കലപ്പോടെ പോസ്റ്റ് ഓഫീസിലേക്ക് നമ്മൾ കുതികും.
മേൽ പറഞ്ഞ ലിസ്റ്റില് ഒന്നും പെടാത്ത, പെടാൻ സാധ്യത ഭാവിയിലും ഇല്ല എന്ന് ഉറപ്പുള്ള മനുഷ്യർ മാത്രം ഈ വിഷയത്തിൽ രോഷം കൊണ്ടാൽ മതി എന്ന് വന്നാൽ, നമ്മൾ, ഈ ഹിപ്പോക്രാട്ടിക്ക് ആൾകൂട്ടം മുഴുവനായി ഏത് പാതാളത്തിലേക്ക് പിരിഞ്ഞു പോകും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News