ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം: ടോക്കിയോ ഒളിമ്പിക്സിന് തിരശീല ഉയരാൻ ഒരു മാസം

ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം. കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് തിരശീല ഉയരാൻ ഇനി കൃത്യം ഒരു മാസം മാത്രം. ജൂലായ് 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് മത്സരങ്ങൾ.ടോക്കിയോ ഒളിമ്പിക്സിന്റെ ടോർച്ച് റിലേ ജൂലൈ 23 ന് ഉദ്ഘാടന വേദിയിൽ എത്തിച്ചേരും.

കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി കായികലോകം ഒരൊറ്റ കളിമുറ്റത്ത് സംഗമിക്കുന്ന നിമിഷങ്ങൾക്ക് ആതിഥ്യമരുളാൻ ജപ്പാനിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമായിരിക്കും ടോക്യോ ഒളിമ്പിക്സ് എന്നാണ് ജപ്പാന്റെ വാഗ്ദാനം.1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വിരുന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

33 ഇനങ്ങളിലായി 339 സ്വർണ മെഡലുകൾക്കായാണ് ഒളിമ്പിക്സിലെ പ്രധാന പോരാട്ടം. ഉദ്ഘാടനച്ചടങ്ങുകളും സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളാണ് ജപ്പാൻ ഒരുക്കുന്നത്.

കരാട്ടേ, ബേസ്ബോൾ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങൾ ഇക്കുറിയുണ്ട്. ഇതിൽ ബേസ്ബോൾ 12 വർഷത്തിനുശേഷമാണ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നത്.

മറ്റു നാല് ഇനങ്ങൾ ഇതാദ്യമായാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്.ചൂട് കൂടുമെന്ന ആശങ്കകാരണം, മാരത്തൺ മത്സരം ടോക്യോയിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള സപ്പോരോ നഗരത്തിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് ഇനങ്ങളിൽ 18 വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർഥികൾ ഇത്തവണ അധികമായി ഒളിമ്പിക്സിൽ പങ്കെടുക്കും.

33 ഇനങ്ങളിലായി ആകെ പതിനൊന്നായിരത്തോളം കായികതാരങ്ങളാണ് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുക. സാധാരണ 28 ഇനങ്ങളിലായി പതിനായിരത്തി അഞ്ഞൂറോളം മത്സരാർഥികളാണ് ഒളിമ്പിക്സിൽ പങ്കെടുക്കാറുള്ളത്.

ഇ – വേസ്റ്റ് സംസ്കരണത്തിന്റെ പുത്തൻ മാതൃകയാണ് ടോക്കിയോ ഒളിമ്പിക്സിൽ ജപ്പാൻ അവതരിപ്പിക്കുന്നത്.മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന് വേർതിരിക്കുന്ന ലോഹങ്ങൾ കൊണ്ടാണ് വിജയികൾക്കുള്ള മെഡലുകൾ നിർമിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

നീലയും വെള്ളയും നിറങ്ങൾ കലർന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം.ഭാവി എന്നർഥം വരുന്ന മിറൈ, അനശ്വരം എന്നർഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകൾ ചേർത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്.

ജപ്പാനിലെ സ്കൂളുകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താൻ നടത്തിയ ‘യോഡാൻ’ പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പന ചെയ്തത്.

കഴിഞ്ഞ വർഷം ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന 32-ാമത് ഒളിമ്പിക്സ് ഗെയിംസ് കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ വർഷം ജൂലൈ 23ലേക്ക് നീട്ടിവെച്ചത്.ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് മത്സരം നീട്ടിവെക്കുന്നത്.

ലോകയുദ്ധങ്ങൾ കാരണം നേരത്തേ മൂന്നുവട്ടം മത്സരം ഉപേക്ഷിച്ചിരുന്നു. ജപ്പാനിൽ കൊവിഡ് വ്യാപന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒളിമ്പിക്സുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം.പ്രകൃതിദുരന്തങ്ങൾക്ക് മേൽ മനുഷ്യരാശിയുടെ വിജയമായി 2021 -ഒളിമ്പിക്സിനെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News