യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം. ഇ ഗ്രൂപ്പിലെയും എഫ് ഗ്രൂപ്പിലെയും മൂന്നാം ഘട്ട മത്സരങ്ങൾ ഇന്ന് നടക്കും. സ്പെയിനിന് സ്ലൊവാക്യയും പോർച്ചുഗലിന് ഫ്രാൻസുമാണ് എതിരാളി. ആകെ നാല് മത്സരങ്ങൾ ആണ് അരങ്ങേറുക.

മരണ ഗ്രൂപ്പ് എഫ് ഇന്നും ജീവന്മരണ പോരാട്ടത്തിനാണ് വേദിയാവുക. പ്രീ ക്വാർട്ടർ സാധ്യത തുലാസിലുള്ള നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിന് എതിരാളി ലോക ചാമ്പ്യന്മാരായ ഫ്രാൻസാണ്. കളിച്ച 2 മത്സരങ്ങളിൽ നിന്നുമായി മൂന്ന് പോയിൻറുള്ള പറങ്കിപ്പടയ്ക്ക് ഫ്രാൻസിനെതിരെ വിജയം അതിപ്രധാനമാണ്.

രാജ്യാന്തര ഫുട്ബോളിലെ മികച്ച ഗോൾ നേട്ടക്കാരനെന്ന ഇറാൻ താരം അലി ദേയിയുടെ റെക്കോർഡ് മറികടക്കാൻ റോണോയ്ക്ക് ഇനി വേണ്ടത് വെറും മൂന്നു ഗോൾ മാത്രം. രാത്രി 12:30 ന് ബുഡാപെസ്റ്റിലെ ഫെറങ്ക് പുഷ്കാസ് സ്‌റ്റേഡിയത്തിലാണ് തീപാറും പോരാട്ടം.

2 മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള ഫ്രാൻസാണ് എഫ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്.കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് സമനില വഴങ്ങിയ ഫ്രഞ്ച് പട വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. മരണ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമനി ഹംഗറിയെ നേരിടും.

ഗോൾമഴ കണ്ട ആവേശ ത്രില്ലറിൽ പറങ്കിപ്പടയെ പരാജയപ്പെടുത്തിയ ജർമൻ പടയ്ക്ക് ഇന്ന് മത്സരം ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ തന്നെയാണ്. രണ്ട് മത്സരങ്ങളിൽ നിന്നും മൂന്ന് പോയിൻറുള്ള ജർമനിക്ക് ഹംഗറിയെ തോൽപിക്കാനായാൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാം.

അതേ സമയം വിസ്മയ പ്രകടനം ആവർത്തിക്കാനുറച്ചാണ് ഫെറങ്ക് പുഷ്കാസിന്റെ പിന്മുറക്കാർ ജർമനിക്കെതിരെ പോരിന് ഇറങ്ങുന്നത്.ഗ്രൂപ്പ് ഇ യും ആവേശപോരാട്ടങ്ങൾക്കാണ് വേദിയാവുക.2 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സ്പെയിൻ.

2 മത്സരങ്ങളിൽ നിന്ന് 4 പോയിൻറുള്ള സ്വീഡനാണ് ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്തുള്ള സ്ലൊവാക്യയാണ് സ്പെയിനിന് എതിരാളി. പ്രീ ക്വാർട്ടറിലെത്താൻ ലൂയി എൻറിക്കെ പരിശീലകനായ ടീമിന് ജയം കൂടിയേ തീരൂ.മറ്റൊരു മത്സരത്തിൽ സ്വീഡൻ പോളണ്ടിനെ നേരിടും.

പോളണ്ടിനെതിരെ തോൽവി വഴങ്ങാതിരുന്നാൽ സ്വീഡന് പ്രീ ക്വാർട്ടറിലേക്ക് കടക്കാം.രാതി 9 :30ന് ആണ് ഗ്രൂപ്പ് ഇ യിലെ രണ്ട് മത്സരങ്ങളും നടക്കുക. ഗ്രൂപ്പ് മത്സരങ്ങൾക്ക് അവസാനമാകുന്നതോടെ യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News