“കേന്ദ്രം എല്ലാമറിയുന്ന അമ്മാവൻ, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികൾ” കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി

കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങൾ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി കുമ്പിളുമായി കേന്ദ്ര വാതിലിൽ കാത്തുനിൽക്കുന്ന സ്ഥിതി തുടരാനാകില്ല. ഇത് സഹകരണ പാരസ്പര്യ നിലപാടുകൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തിലുള്ള അധിക വായ്പാ അനുമതിക്ക് കേന്ദ്ര സർക്കാർ ഉപാധികൾ ഏർപ്പെടുത്തുന്നത് ശരിയല്ല. ഈ വർഷം അനുവദിച്ച നാലരശതമാനം വായ്പാ പരിധിയിൽ ഒരു ശതമാനത്തിന് അധിക ഉപാധികൾ നിർദേശിച്ചിട്ടുണ്ട്.

നടപ്പുവർഷത്തെ മൂലധനചെലവ് 12,000 കോടി രൂപയെങ്കിലും വർധിപ്പിച്ചാൽ മാത്രമെ അര ശതമാനം അനുമതി ഉപയോഗിക്കാനാകൂ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനയാണ് മറ്റൊരുപാധി. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.പെട്രോൾ, ഡീസൽ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുതീരുമാനമാണുണ്ടാകേണ്ടത്. ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തിൽ അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം.

നിലവിൽ പെട്രോളിയം, സ്പിരിറ്റ് എന്നിവയിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി അവകാശം. പൂരിത സ്പിരിറ്റിന്റെ നികുതി അവകാശം കേന്ദ്രത്തിന് നൽകണമെന്ന നിർദേശം കഴിഞ്ഞ ജി.എസ്.ടി. കൗൺസിലിൽ ബി.ജെ.പി. സംസ്ഥാനങ്ങളുൾപ്പെടെ എതിർത്തു. പ്രകൃതി വാതകത്തിന്റെ കാര്യത്തിലും ജി.എസ്.ടി. നിർദേശത്തെ സംസ്ഥാനങ്ങളാകെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here