മുംബൈയിൽ മലയാളി വീട്ടമ്മയുടെ ആത്മഹത്യ; അയൽക്കാരൻ അറസ്റ്റിൽ

മുംബൈയിൽ കഴിഞ്ഞ ദിവസം മലയാളി വീട്ടമ്മ ആറു വയസ്സുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ അയൽക്കാരൻ അറസ്റ്റിലായി. മരിക്കുന്നതിന് മുൻപ് യുവതി എഴുതി വച്ച ആത്മഹത്യാ കുറിപ്പാണ് അറസ്റ്റിലേക്ക് നയിച്ചത്.

ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി റോഡിലെ തുലിപിയ കെട്ടിടത്തിലെ 14-ാം നിലയിൽ താമസിച്ചിരുന്ന രേഷ്മ ട്രെഞ്ചിലിനേയും മകൻ ഗരുഡിനെയും തിങ്കളാഴ്ച വെളുപ്പിനാണ് കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്തിടെയാണ് രേഷ്മയുടെ ഭർത്താവും അമ്മായിയമ്മയും കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. ഭർത്താവ് കാർഷികോൽപ്പന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലെ ചീഫ് ബിസിനസ് ഓഫീസറായാണ് ജോലി ചെയ്തിരുന്നത്. കൊവിഡ് ബാധിച്ച മാതാപിതാക്കളെ പരിചരിക്കാനായിരുന്നു ശരത് വാരണാസിയിൽ പോയത്.

എന്നാൽ അവിടെ വച്ച് ശരത്തിനും രോഗം പിടിപെടുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച് മാതാപിതാക്കൾ മരിച്ചതിന് പുറകെ ശരത്തും ഗുരുതരാവസ്ഥയിലായി. മൂന്നാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ കൊവിഡിനോട് മല്ലിട്ട ശരത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭർത്താവിന്റെ ആകസ്മിക വിയോഗം രേഷ്മയുടെ ജീവിതം തകിടം മറിച്ചു . അവസാനമായി ഒരു നോക്ക് കാണുവാൻ പോലും കഴിയാത്ത സാഹചര്യം അവരെ വിഷാദത്തിലേക്ക് നയിക്കുകയായിരുന്നു . തന്റെ ഭർത്താവിനെ നഷ്ടപ്പെട്ട വേദന രേഷ്മ മെയ് 30 ന് തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ചിരുന്നു.

ശരത്തുമായുള്ള ജീവിതം ആരംഭിക്കുന്നത് 33-ാമത്തെ വയസ്സിലാണെന്നും ഹൈദരാബാദിലെ ബരിസ്ത കഫെയിൽ കണ്ടുമുട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വികാരനിർഭരമായി കുറിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വീണ്ടും ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ആ കുറിപ്പ് അവസാനിക്കുന്നത്.

എന്നാൽ ആത്മഹത്യ ചെയ്യാൻ കാരണം അയൽക്കാരുടെ നിരന്തരമായ ഉപദ്രവമായിരുന്നുവെന്നാണ് മരിക്കുന്നതിന് മുൻപ് എഴുതി വച്ച കുറിപ്പിൽ ആരോപിച്ചിരുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസിലാണ് പ്രായമായ ദമ്പതികൾക്കും അവരുടെ മകനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് .

രേഷ്മയും ഭർത്താവും മകനും ഏപ്രിൽ 10 നാണ് ചാന്ദിവിലിയിലെ ഫ്ലാറ്റിലേക്ക് വാടകക്ക് താമസിക്കാനെത്തുന്നത്. ഫ്ളാറ്റിന് താഴെ താമസിക്കുന്ന കുടുംബവുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. രേഷ്മയുടെ ആറു വയസുള്ള മകൻ കളിക്കുകയും പാട്ടിനൊപ്പം ഡാൻസ് അഭ്യസിക്കുകയും ചെയ്തിരുന്ന ശബ്ദത്തിൽ പ്രകോപിതരായ അയൽക്കാർ സൊസൈറ്റി ഭാരവാഹികൾക്ക് മുമ്പാകെ പരാതി നൽകിയിരുന്നു.

സംഭവത്തിന് ശേഷം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ മഹേശ്വർ റെഡ്ഡിയും അസിസ്റ്റന്റ് പോലീസ് കമ്മീഷണറും (അന്ധേരി) സംഭവസ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.സൊസൈറ്റി വാച്ച്മാനും ഇക്കാര്യത്തിൽ ഇവരെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്

രേഷ്മയുടെയും ആറുവയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാലാ സ്വദേശിയാണ്. അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News