പൊലീസ് ക്രൂരത: വളഞ്ഞിട്ടു തല്ലിയ യുവാവ് മരിച്ചു; എസ് ഐ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസിന്റെ ക്രൂരത. പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം എടയപ്പട്ടി സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ് ഐ ആയ പെരിയസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റില്‍വെച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സേലത്ത് മദ്യക്കടകള്‍ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പൊലീസ് തടഞ്ഞത്. മദ്യലഹരിയിലായിരുന്ന മുരുകേശന്‍ പൊലീസുകാരനുമായി വാക്കേറ്റമുണ്ടായി. ഇതില്‍ പ്രകോപിതനായ എസ് ഐ, മുരുകേശനെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചു.

മുരുകേശന് ഒപ്പമുണ്ടായിരുന്നവര്‍ തല്ലരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. റോഡില്‍ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരന്‍ തല്ലിച്ചതച്ചു. മുരുകേശന്‍ ബോധരഹിതനായ ശേഷമാണ് മര്‍ദ്ദനം നിര്‍ത്തിയത്. അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ക്രൂരമര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ് ഐ പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എസ് പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News