താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് 10 പവന്‍ സ്വര്‍ണം അങ്ങോട്ടു നല്‍കുമെന്ന് നടന്‍ സുബീഷ് സുധി

കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമാകുകയാണ്. താരങ്ങളടക്കം നിരവധി പേരാണ് വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി രം?ഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് 10 പവന്‍ സ്വര്‍ണം താന്‍ അങ്ങോട്ടു നല്‍കുമെന്നാണ് നടന്‍ സുബീഷ് സുധി. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് തുറന്നു പറയുന്നുവെന്നും സുബീഷ് പറയുന്നു.

സുബീഷ് സുധിയുടെ വാക്കുകള്‍

കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നം.

സ്ത്രീധനം നോക്കാതെ പെണ്‍കുട്ടിയെ ജീവിത സഖിയാക്കുന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും സുബീഷ് പറഞ്ഞു. പഴയൊരു അനുഭവം പങ്കുവച്ചാണ് കണ്ണൂരും സ്ത്രീധനവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് താരം വ്യക്തമാക്കിയത്.

‘വര്‍ഷങ്ങള്‍ക്കു മുമ്പ് സലീമേട്ടന്റെ (സലിം കുമാര്‍) ഭാര്യ സുനിയേച്ചിയുടെ സഹോദരിയുടെ മകള്‍ക്കു കണ്ണൂരില്‍ നിന്നും ഒരു കല്യാണലോചന വന്നു. സലീമേട്ടന്‍ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാന്‍ കാര്യങ്ങള്‍ അന്വേഷിച്ചു പറഞ്ഞു കൊടുത്തു. സലീമേട്ടന്‍ എന്നോട് പറഞ്ഞു, എങ്ങനെയാ സ്ത്രീധനം കാര്യങ്ങള്‍ എന്ന്, ഞാനെന്റെ അറിവ് വച്ചു പറഞ്ഞു. ഇവിടെ സ്ത്രീധനം വാങ്ങിക്കാറില്ല. കേരളത്തിലെ വിവിധ ദേശങ്ങളും, ഭാഷകളും,ഭൂപ്രകൃതിയും ഒക്കെ അറിയുന്ന സലീമേട്ടന് ഏകദേശം കണ്ണൂരിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു.സലീമേട്ടന്‍ പറഞ്ഞു എന്നാലും നീ ഒന്നുകൂടെ ഒന്നന്വേഷിക്ക്. ഞാന്‍ വീണ്ടും ഒന്നുകൂടി അന്വേഷിച്ചു പറഞ്ഞു.. ഇവിടെ സ്ത്രീധന സമ്പ്രദായം ഇല്ല എന്നത്..അവര്‍ പറഞ്ഞു, ഇത് വല്ലാത്തൊരു നാടാണല്ലോ എന്ന്.ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here