ഒരു ക്വട്ടേഷന്‍ സംഘവുമായും പാര്‍ട്ടിക്ക് ബന്ധമില്ല: എം വി ജയരാജന്‍

ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കം ഒരു ക്വട്ടേഷന്‍ സംഘവുമായും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പാര്‍ട്ടിയുടെ സമൂഹമാധ്യമ പ്രചരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അടുത്ത മാസം 5 ന് മൂവായിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

സമൂഹത്തില്‍ മാന്യന്‍മാര്‍ എന്ന ധാരണയുണ്ടാക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ മുന്നോട്ട് പോകുന്നത്. ചിലര്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചിലര്‍ വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ്വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവയ്ക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സി പി ഐ എമ്മില്‍ യാതൊരു സ്ഥാനവുമുണ്ടാവില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു

സി പി ഐ എമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യതിന്മകളെയും അതിലേര്‍പ്പെടുന്നവരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുക എന്നതാണ് സി പി ഐ എമ്മിന്റെ ലക്ഷ്യമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News