കൊവിഡ് ​ഡ്യൂട്ടിക്കിടെ തലയ്ക്ക്​ പരിക്കേറ്റ പൊലീസുകാരൻ ആശുപത്രി വിട്ടു; സംസാരവും ചലനശേഷിയും മെച്ചപ്പെടുന്നു

ലോക്ഡൗൺ പരിശോധനയ്ക്കിടെ യുവാവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ അജീഷ് പോൾ ആശുപത്രി വിട്ടു.ആലുവയിലെ സ്വകാര്യആശുപത്രിയിൽ 24 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അജീഷ് പോളിനെ ഡിസ്ചാർജ്ജ് ചെയ്തത്.നഷ്ടപ്പെട്ട സംസാരശേഷിയും ചലന ശേഷിയും മെച്ചപ്പെട്ട നിലയിലായെങ്കിലും സ്പീച്ച് തെറാപ്പി ഉൾപ്പടെ ചികിത്സ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ സി പി ഓ അജീഷ് പോളിന് തന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെയാണ് മർദ്ദനമേറ്റത്. ലോക്ഡൗൺ പരിശോധനയ്ക്കിടെ, മാസ്ക്ക് ധരിക്കാത്തത് ചോദ്യം ചെയ്ത അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അജീഷിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംസാരശേഷിയും വലതുഭാഗത്തെ ചലന ശേഷിയും നഷ്ടപ്പെട്ട അജീഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.തുടർന്ന് വെൻറിലേറ്ററിൻറെ സഹായത്തോടെയായിരുന്നു അജീഷ്പോൾ ഏതാനും ദിവസം ചികിത്സയിൽ ക‍ഴിഞ്ഞത്.

പിന്നീട് നില മെച്ചപ്പെട്ടതിനെത്തുടർന്ന് മുറിയിലേക്ക് മാറ്റി.ഫിസിയോ തെറാപ്പി,സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സകളുടെ ഭാഗമായി അജീഷിന് സംസാര ശേഷിയും ചലനശേഷിയും വീണ്ടെടുക്കാൻ സാധിച്ചു.എങ്കിലും അടുത്ത ആറ് മാസക്കാലം സ്പീച്ച് തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ അജീഷ് പോളിനെ കാണാനായി മന്ത്രി പി രാജീവ് എത്തിയിരുന്നു.അജീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ യത്നിച്ച വൈദ്യസംഘത്തെ മന്ത്രി അഭിനന്ദിച്ചു.അജീഷ് പോളിന്‍റെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തിരുന്നു.തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയവരോടും പിന്തുണച്ചവരോടും തൊ‍ഴുകൈകളോടെ നന്ദിയറിയിച്ചാണ് അജീഷ്പോൾ ആശുപത്രി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here