വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം: അധികൃതരെ വിളിച്ചുവരുത്തി അന്വേഷിയ്ക്കാന്‍ പാർലമെന്റിന്റെ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനം

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള സംവരണം അട്ടിമറിക്കുന്നനെതിരെ എസ് എഫ് ഐ നടത്തിയ ഇടപെടുലുകളെ തുടർന്ന്, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരെ വിളിച്ചുവരുത്തി പരിശോധിക്കാൻ പാർലമെന്റിന്റെ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏറ്റെടുത്ത വിവിധ സമരങ്ങളുടെയും ഇടപെടലുകളുടെയും വിജയമാണിതെന്ന് എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു വ്യക്തമാക്കി.

ഐ‌ഐ‌ടി, ഐ‌ഐ‌എം, ഐ‌ഐ‌എസ്‌സി,ഐഐസിഇആർ, എൻ‌ഐ‌ടി, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി പട്ടിക വർഗ സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി 2019 മുതൽ എസ് എഫ് ഐ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് സംവരണ വിഷയം അന്വേഷിക്കാൻ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചത്. ലോക്സഭ എംപി വെങ്കിടേശൻ, രാജ്യസഭാ എംപി കെ സോമപ്രസാദ് എന്നിവർക്ക് സംവരണ അട്ടിമറി ചൂണ്ടിക്കാട്ടി കത്തുകൾ എസ് എഫ് ഐ നൽകിയിരുന്നു.

പിഎച്ച്ഡി പ്രവേശനത്തിൽ സംവരണ നിയമങ്ങൾ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി എസ് എഫ് ഐ നൽകിയ മെമ്മോറാണ്ടം 2019ൽ മുൻ എംപി ടി കെ രംഗരാജൻ സബ്മിഷൻ ആയി ഉന്നയിക്കുകയും വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന്, 2019 ഡിസംബറിൽ മുൻ രാജ്യസഭ എം.പി കെ കെ രാഗേഷിന്റെ സാന്നിധ്യത്തിൽ എസ് എഫ് ഐ കേന്ദ്ര നേതാക്കൾ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

2020 മാർച്ചിൽ എളമരം കരീം എംപിയും, കെ സോമപ്രസാദ് എംപിയും രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലൂടെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ അട്ടിമറി വ്യക്തമായി പുറത്തുവന്നിരുന്നു. പിന്നാലെ വിഷയം പഠിക്കാൻ ദില്ലി ഐഐടി ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരികരിച്ചെങ്കിലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നതിൽ കമ്മിറ്റി പരാജയപ്പെടുകയും , പകരം ഐഐടികളെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയുമാണ് ചെയ്തത്.

ഈ നിർദേശങ്ങൾ എസ് എഫ് ഐ നിരസിക്കുകയും വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ തലത്തിൽ തുടർച്ചയായ പ്രചരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചതോടെയാണ് പട്ടികജാതി-പട്ടികവർഗ സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളുമായി കൂടിക്കാഴ്ച നടത്താൻ പാർലമെന്റ് സമിതി തീരുമാനമെടുത്തത്.

സംവരണ വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏറ്റെടുത്ത വിവിധ സമരങ്ങളുടെയും ഇടപെടലുകളുടെയും വിജയമാണ് ഇതെന്നും, ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും എസ് എഫ് ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനവും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News