‘അവള്‍ മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരമായി, കണ്ണീര്‍തുള്ളിയായി തുടരുകയാണ്’ പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു

കുവിയെ ഏറെ വേദനയോടെയാണ് അജിത്ത് മടക്കി നൽകിയത്. എട്ടു മാസത്തെ പൊലീസ് ശ്വാനസേനയിലെ വാസത്തിനുശേഷം മൂന്നു മാസം മുന്‍പ് അവള്‍ ഉടമകളുടെ ബന്ധുക്കളുടെ അടുത്തേയ്ക്ക് യാത്രയായി. ഇന്നലെ വീണ്ടും പൊലീസില്‍ അവളെ സംരക്ഷിച്ചിരുന്ന പരിശീലകന്‍ അജിത്ത് മാധവന്റെ കൈകളിലേക്കുതന്നെ തിരികെയെത്തി. ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നു, അസ്വസ്ഥയാണ്,

അതുകൊണ്ടുതന്നെ കുവിയെ അജിത്തിനു നല്‍കാന്‍ പളനിയമ്മാളും മകനും ആഗ്രഹിക്കുന്നതായി അറിയിച്ചതോടെയാണ് സുഹൃത്തും കൊച്ചി സിറ്റി സിവില്‍ പൊലീസ് ഓഫീസറുമായ പി.എസ്. രഘുവിനെയും കൂട്ടി അജിത്ത് മൂന്നാറിലെത്തിയത്. പളനിയമ്മാളിനെയും കുവിയെയും കണ്ട കാര്യങ്ങളും തങ്ങളുടെ കുവിയോടുള്ള സ്‌നേഹവും പങ്കുവയ്ക്കുകയാണ് പി.എസ്. രഘു. ഏതൊരു മൃഗസ്‌നേഹിയുടെയും മനസില്‍ തട്ടുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം,

കുവി… അവള്‍ മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരമായി, കണ്ണീര്‍തുള്ളിയായി തുടരുകയാണ്, മാസങ്ങള്‍ക്ക് മുമ്പ് പളനിയമ്മാള്‍ ആവശ്യപ്പെട്ടത് പ്രകാരം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുവിയെ തിരിച്ചു നല്‍കിയിരുന്നു.

അവളെ പൊന്നുമോളെപ്പോലെ നോക്കിയിരുന്ന പോലീസുകാരന്‍ അജിത്ത് മാധവന്റെ സങ്കടം കണ്ട് ഞാന്‍ അജിത്തിനെയും കൂട്ടി തൊട്ടടുത്ത ദിവസം തന്നെ കുവിയെ കാണാന്‍ പോയിരുന്നു. ആ വീട്ടിലെ സാഹചര്യങ്ങളും പളനിയമ്മയുടെ വിഷമങ്ങളും കണ്ട് കണ്ണു നിറഞ്ഞ് ഞങ്ങള്‍ മടങ്ങി. അവള്‍ക്കുള്ള രണ്ട് മാസത്തെ ഡോഗ് ഫുഡും ഞാന്‍ കൊണ്ടുപോയിരുന്നു. അവളുടെ സംരക്ഷണത്തിന് മാസം തോറും ചെറിയൊരു തുകയും നല്‍കാമെന്ന് പറഞ്ഞിരുന്നു

വിഷമത്തോടെ കുവിയെ പിരിഞ്ഞിറങ്ങുമ്പോള്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ ഞങ്ങള്‍ കൈകൂപ്പി തൊഴുതു അവള്‍ക്ക് നല്ലത് വരണെയെന്ന് പ്രാര്‍ഥിച്ചു. അവളെ അജിത്തിന് തിരികെ ലഭിച്ചിരുന്നെങ്കില്‍ എന്ന്… പ്രാര്‍ഥിച്ചെങ്കിലും കുടുംബത്തിലെ പന്ത്രണ്ട് പേരെ നഷ്ട്ടപ്പെട്ട പളനിയമ്മയുടെ മുഖം മനസിലോടിയെത്തി. എല്ലാം ദൈവത്തിന് വിട്ടു.

ഇന്നലെയാണ് പളനിയമ്മയുടെ മകന്റെ കോള്‍ വന്നത് അജിത്ത് പറഞ്ഞത്. അവള്‍ അസ്വസ്തയാണ്, ഭക്ഷണം കഴിക്കുന്നില്ല, അവര്‍ അജിത്തിന് തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നു.

ഒട്ടും വൈകിയില്ല ഞാനും അജിത്തും മൂന്നാറിന് പുറപ്പെട്ടു. അവിടെ ചെന്നപ്പോള്‍ കുവിമോള്‍ ഗര്‍ഭിണിയാണ്. മനസില്‍ സന്തോഷമാണ് തോന്നിയത്. കാരണം സ്‌നേഹവും ആത്മാര്‍ഥതയും പ്രകടിപ്പിക്കുന്ന അവള്‍ക്ക് അതേ രക്തത്തില്‍ പിന്മുറക്കാരുണ്ടാകുമെന്നത് സന്തോഷം തന്നെ. ഞാന്‍ അജിത്തിനോട് പറഞ്ഞു ഇവളുടെ മക്കള്‍ക്കായി കേരളം കൊതിയോടെ കൈ നീട്ടും.

എന്റെ നിര്‍ദ്ദേശപ്രകാരം നിയമപരമായി തന്നെ രേഖാമുലം കുവിയുടെ ഉടമാസ്ഥാവകാശം അജിത്ത് ഏറ്റെടുത്തു. അതില്‍ ഒരു സാക്ഷിയായി ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

തന്റെ പ്രിയപ്പെട്ട ധനുഷ്‌ക്ക മോളുടെ മൃതദേഹം കണ്ട് തളര്‍ന്നുവീണ കൂവി, ഇന്നലെ തന്റെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗവും കണ്ണ് നനയിക്കുന്നതായിരുന്നു. അജിത്തിനോട് ചേര്‍ന്ന് പളനിയമ്മാളിന്റെയും മകന്റെയും മുഖത്തേക്ക് അവള്‍ നോക്കിയ നോട്ടം അവരുടെ തലോടല്‍… നെഞ്ച് ഇപ്പഴും ഇടറുന്നു. കണ്ണ് ഇപ്പോഴും നിറയുന്നു. അവള്‍ മിണ്ടാപ്രാണിയല്ലെ ആ മനസ്സിലെ നീറുന്ന സങ്കടങ്ങള്‍…. അതിനൊരു പരിഹാരമായിരിക്കും അജിത്തിന്റെ സ്‌നേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News